അടിസ്ഥാന സൗകര്യങ്ങളില്ല; സാന്‍ഡ് ബാങ്ക്സ് അവഗണനയുടെ തീരത്ത്
text_fieldsവടകര: വിനോദസഞ്ചാര കേന്ദ്രമായ സാന്‍ഡ് ബാങ്ക്സില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിനോദ സഞ്ചാരികളെ പിറകോട്ടടിപ്പിക്കുന്നു. വാഹന പാർക്കിങ്ങും വെളിച്ച സംവിധാനവുമില്ലാതെ അവഗണനയുടെ തീരത്താണ് സാൻഡ് ബാങ്ക്സ്.
നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്ന സാൻഡ് ബാങ്ക്സ് നാഥനില്ലാക്കളരിയായിട്ട് ഏറെക്കാലമായി. ഡി.ടി.പി.സിയുടെ തലതിരിഞ്ഞ നടപടികളാണ് വിനോദ സഞ്ചാരികളെ സാൻഡ് ബാങ്ക്സിൽനിന്ന് അകറ്റുന്നത്. തുരുമ്പെടുത്ത ഇരിപ്പിടങ്ങളും വിനോദ ഉപാധികളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതിസൗന്ദര്യം എന്നതിലുപരി സാൻഡ് ബാങ്ക്സിൽ സഞ്ചാരികളെ ആകർഷിക്കാൻ ഒരു തരത്തിലുള്ള വിനോദ ഉപാധികളും ഒരുക്കാൻ വിനോദ സഞ്ചാര വകുപ്പിന് കഴിഞ്ഞിട്ടില്ല.
ഗ്രീൻ കാർപറ്റ് പദ്ധതി പ്രകാരം നടത്തിയ വികസന പ്രവർത്തനങ്ങൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബോട്ട് ജെട്ടി ഉപയോഗശൂന്യമാണ്. ലക്ഷങ്ങളാണ് ബോട്ട് ജെട്ടി നിർമാണത്തിലൂടെ നഷ്ടമായത്.
സാൻഡ് ബാങ്ക്സിന് പുറത്ത് വാഹന പാർക്കിങ് സ്ഥലത്ത് സിമന്റ് കട്ടകൾ കൂട്ടിയിട്ടതിനാൽ പാർക്കിങ്ങിന് വേണ്ടത്ര സ്ഥലം ലഭിക്കുന്നില്ല. ഇഴജീവികളുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ ദിവസവും ഇവിടെ എത്തുന്നുണ്ട്. പലരും പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ വാഹനത്തില്‍നിന്ന് ഇറങ്ങാതെ മടങ്ങിപ്പോകുന്ന സ്ഥിതിയുണ്ട്. ഇരുചക്രവാഹനങ്ങള്‍ കവാടത്തിന് സമീപത്ത് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എങ്കിലും അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുമ്പോള്‍ ഈ സ്ഥലം മതിയാകാതെ വരുകയാണ്.
പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടിന് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല. കാറ്റിൽ തകർന്നിട്ട് മാസങ്ങളായിട്ടും നന്നാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ രാത്രിയില്‍ ഇവിടം ഇരുട്ടില്‍ മുങ്ങുന്ന സ്ഥിതിയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സാൻഡ് ബാങ്ക്സിന്റെ വികസനത്തിന് വകുപ്പ് മന്ത്രിയടക്കം വാഗ്ദാനങ്ങളുടെ പെരുമഴ തീർത്തെങ്കിലും ഒന്നും എവിടെയും എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.