മണലെടുപ്പും തീരശോഷണവും; കോളാവിപ്പാലത്ത് ആമകളുടെ വരവ് കുറഞ്ഞു
text_fieldsവടകര: മണലെടുപ്പും തീരശോഷണവും കോളാവിപ്പാലത്ത് ആമകളുടെ വരവ് കുത്തനെ കുറക്കുന്നു. കോട്ടപ്പുഴ അഴിമുഖത്തെ അനിയന്ത്രിത മണലെടുപ്പിനെ തുടർന്നുള്ള തീരശോഷണത്തോടൊപ്പം നിരോധിത വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ആമകളുടെ വരവ് ഗണ്യമായി കുറയാനിടയാക്കുന്നുണ്ട്.
കൊളാവിപ്പാലം തീരം പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള കടലാമ സംരക്ഷണ കേന്ദ്രത്തിൽ 2000-2001ൽ 65 ആമകളുടെ 6264 മുട്ടകൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നു. 2020ന് ശേഷം മുന്നൂറോളം മുട്ടകളാണ് ലഭിച്ചത്. 1992 മുതൽ കടലാമ സംരക്ഷണപ്രവർത്തനങ്ങൾ നടത്തിവരുന്ന തീരം പ്രവർത്തകർ ഇതുവരെ 50,000ലധികം ആമക്കുഞ്ഞുങ്ങളെ കടലിലിറക്കിയിട്ടുണ്ട്.
ഒലിവ് റിഡ്ലി എന്ന പേരിലറിയപ്പെടുന്ന ചെറിയ ഇനത്തിൽപെട്ട ആമകളാണ് മേഖലയിൽ സാധാരണയായി മുട്ടയിടാൻ എത്തുന്നത്. കടലിൽനിന്ന് 20 മീറ്ററോളം കരക്ക് കയറിയാണ് ഇവ മുട്ടയിടുന്നത്. കോവിഡ് പ്രതിസന്ധിയിലും മറ്റുമായി അടച്ചുപൂട്ടിയ ആമ സംരക്ഷണകേന്ദ്രം ഗാന്ധിജയന്തി ദിനം മുതൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. 1998ൽ ആമസംരക്ഷണത്തിന് ഹാച്ചറി കെട്ടിനൽകുകയും വേതനം അനുവദിക്കുകയുമുണ്ടായിരുന്നു.
പിന്നീട് പലപ്പോഴായി സാമ്പത്തികപ്രതിസന്ധിയിൽ കേന്ദ്രം അടച്ചുപൂട്ടിയെങ്കിലും ആമസംരക്ഷണ പ്രവർത്തനം തുടരുകയുണ്ടായി. 2020ൽ കോഴിക്കോട് കടപ്പുറത്ത് നിന്നും രണ്ട് കൈകാലുകൾ നഷ്ടപ്പെട്ട ആമയെ ഇവിടെ എത്തിച്ചിരുന്നു. 15 വയസ്സുള്ള ആമയെ സംരക്ഷണകേന്ദ്രത്തിൽ പരിപാലിച്ചുവരുകയാണ്.
നേരത്തെ വിദൂരങ്ങളിൽനിന്നടക്കം നിരവധിപേർ ഇവിടെയെത്തിയിരുന്നു. കോട്ടപ്പുഴ അഴിമുഖത്തിന്റ തെക്കുള്ള മണൽപരപ്പും കണ്ടൽവനവും പുഴയും കടലും സംഗമിക്കുന്ന സ്ഥലം വിനോദസഞ്ചാരികളുടെ പറുദീസയാണ്. സാൻഡ് ബാങ്ക്സും കോട്ടപ്പുഴ അഴിമുഖവും ബന്ധിപ്പിച്ച് വിനോദസഞ്ചാര പദ്ധതിക്ക് രൂപംനൽകാൻ വിനോദസഞ്ചാര വകുപ്പ് പദ്ധതി ആവിഷ്കരിച്ചെങ്കിലും എങ്ങുമെത്തിയില്ല.
ആമസംരക്ഷണ പ്രവർത്തനങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ലഭിച്ചാലേ സംരക്ഷണപദ്ധതികളുമായി മുന്നോട്ടുപോകാൻ കഴിയുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.