കോട്ടപ്പള്ളിയിലും ചന്ദനക്കൊള്ള; വ്യാപകമായി മുറിച്ചുകടത്തി
text_fieldsവടകര: മണിയൂർ പതിയാരക്കരക്ക് പിന്നാലെ കോട്ടപ്പള്ളിയിലും ചന്ദനക്കൊള്ള. ചന്ദനമരങ്ങൾ വ്യാപകമായി മുറിച്ചുകടത്തി. കോട്ടപ്പള്ളിയിലെ കോട്ടപ്പാറമലയിൽ തെക്കിണ തറമ്മൽ പൊക്കന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ നൂറുവർഷം പഴക്കമുള്ള ചന്ദനമരങ്ങളാണ് കടത്തിയത്.
രണ്ട് ചന്ദനമരങ്ങളാണ് ഇവിടെനിന്ന് മോഷണംപോയത്. മുറിച്ചെടുത്ത മരത്തിന്റെ തടിഭാഗം പൂർണമായും മോഷ്ടാക്കൾ കൊണ്ടുപോകാതെ കുറെ ഭാഗം സ്ഥലത്ത് ഉപേക്ഷിച്ചു. ഈസ്ഥലത്തിന് തൊട്ടടുത്ത പറമ്പിലും ചന്ദനമരം മുറിച്ചുകടത്തിയതിന്റെ അവശിഷ്ടങ്ങൾ ബാക്കിയായിട്ടുണ്ട്.
പ്രദേശത്തുനിന്ന് മുമ്പും ചന്ദനമരങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. കുന്നിൻപ്രദേശമായ ഇവിടം ധാരാളം മരങ്ങൾ നിറഞ്ഞ സ്ഥലമാണ്. കഴിഞ്ഞദിവസമാണ് ചന്ദനമരം മോഷണംപോയത് ശ്രദ്ധയിൽപെട്ടത്. ആളൊഴിഞ്ഞഭാഗമായതിനാൽ മരം മുറിച്ചുകടത്തിയത് സ്ഥലമുടമ അറിഞ്ഞിരുന്നില്ല. പതിയാരക്കരയിൽ അഞ്ച് ചന്ദനമരങ്ങളാണ് കഴിഞ്ഞദിവസം മോഷണംപോയത്. പള്ളിപറമ്പത്ത് ഭഗവതിക്ഷേത്രം പരിസരത്തെ കുറ്റിക്കാടുകൾക്കിടയിൽ വളർന്ന പത്ത് വർഷം പ്രായമായ ചന്ദനമരങ്ങളാണ് മോഷണംപോയത്.
ക്ഷേത്രപരിസരത്തെ ചന്ദനമരം മോഷണംപോയത് സംബന്ധിച്ച് ഇന്നലെയാണ് പൊലീസിൽ പരാതി ലഭിച്ചത്. മേഖലയിൽനിന്ന് വ്യാപകമായി ചന്ദനമരം മുറിച്ചുകടത്തിയത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിൽനിന്നും ഒരേസമയത്ത് മരങ്ങൾ മുറിച്ചുകടത്തിയതായാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.