സാൻഡ് ബാങ്ക്സ്: ഡി.ടി.പി.സിക്കെതിരെ നിയമ നടപടികളുമായി ഹരിയാലി
text_fieldsവടകര: സാൻഡ് ബാങ്ക്സിന്റ നടത്തിപ്പ് ചുമതലയുള്ള ഡി.ടി.പി.സിക്കെതിരെ നിയമ നടപടിയുമായി നഗരസഭക്ക് കീഴിലെ ഹരിത കർമസേന ഹരിയാലി. സാൻഡ് ബാങ്ക്സിലെ പാർക്കിങ്ങിനും കഫറ്റീരിയയും ഹരിയാലിയാണ് ടെൻഡർ വിളിച്ചെടുത്തത്. സാൻഡ് ബാങ്ക്സിൽ ഈ കാലയളവിൽ ഡി.ടി.പി.സി അടിസ്ഥാന സൗകര്യമൊരുക്കാത്തതിനാൽ വരുമാനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വീണ്ടും ടെൻഡർ ചെയ്യാനുള്ള ഡി.ടി.പി.സിയുടെ നടപടിക്കെതിരെയാണ് ഹരിയാലി നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. 2021 ഫെബ്രുവരി 10 നാണ് ഒന്നര ലക്ഷത്തിലധികം രൂപക്ക് ഹരിയാലി മുമ്പ് ടെൻഡർ വിളിച്ചെടുത്തത്.
കരാറൊപ്പിട്ട കാലാവധി ജനുവരി ഒമ്പതിന് അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും ഡി.ടി.പി.സി ടെൻഡർ വിളിച്ചത്. ചോർന്നൊലിക്കുന്ന ഷെഡിൽ കഫറ്റീരിയ നടത്താൻ കഴിയില്ലെന്നും പൂഴിമണലിൽ പാർക്കിങ് സാധ്യമല്ലെന്നും കാണിച്ച് മാർച്ച് 12, ഏപ്രിൽ 27, ഡിസംബർ 10 എന്നിങ്ങനെ ഡി.ടി.പി.സിക്ക് ഹരിയാലി കത്ത് നൽകിയിരുന്നു. ഇതിന് ഡി.ടി.പി.സി മറുപടി നൽകിയിരുന്നില്ല. നിലവിലുള്ള അവസ്ഥയിൽ നടത്തണമെന്ന വാക്കാൽ നിർദേശമനുസരിച്ച് ഹരിയാലി പാർക്കിങ്ങിന് രണ്ടു ലക്ഷം രൂപയോളം ചെലവാക്കി മണ്ണ് ഇറക്കി നിരത്തിയിരുന്നു. എന്നാൽ, അതേ സ്ഥലത്ത് ഡി.ടി.പി.സി സാൻഡ്ബാങ്കിൽനിന്ന് പൊളിച്ചിട്ട ഇൻറർലോക്ക് കൂട്ടിയിടുകയും ചെയ്തു. അതുകൊണ്ടുതന്നെ അവിടെ പാർക്കിങ് കഴിഞ്ഞില്ല. പുറത്ത് പാർക്കിങ് ഫീസ് പിരിക്കുന്നത് ജനങ്ങൾ തടയുകയും ചെയ്തു.
കഫറ്റീരിയക്ക് എട്ടുലക്ഷം രൂപയോളം ചെലവാക്കി നിർമിച്ച ഷെഡ് ഇപ്പോഴും പൂർണതോതിൽ പ്രവർത്തനക്ഷമമായിട്ടില്ല. വനിത വികസന കോർപറേഷനിൽനിന്ന് വനിത സംരംഭകർക്കുള്ള 10, 79, 377 രൂപ ലോണെടുത്താണ് ഹരിയാലി ഇവിടെ ചെലവഴിച്ചത്. അവിടെ നിന്ന് വരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടു വർഷം കൂടി കാലാവധി നീട്ടിത്തരണമെന്ന് കത്ത് നൽകിയെങ്കിലും അത് പരിഗണിക്കാതെയാണ് പുതുതായി 11 മാസത്തേക്ക് വീണ്ടും ടെൻഡർ ക്ഷണിച്ചത്. ഇതിനെതിരെയാണ് ഹൈകോടതിയിൽ പോയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.