എക്സൈസിൽ വിഭാഗീയത രൂക്ഷം; വനിത ഓഫിസർമാർക്ക് കൂട്ട സ്ഥലംമാറ്റം
text_fieldsവടകര: എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സമ്മേളനത്തിന് പിന്നാലെ വനിത സിവിൽ എക്സൈസ് ഓഫിസർമാർക്ക് കൂട്ട സ്ഥലംമാറ്റം. മാനുഷിക പരിഗണന പോലും നൽകാതെ ഒമ്പത് വനിത ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതാണ് വിവാദമായത്.
എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സമ്മേളനത്തിൽ സംഘടന ഭാരവാഹി തെരഞ്ഞെടുപ്പിൽ ഔദ്യോഗികപക്ഷം പരാജയപ്പെട്ടിരുന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ സമ്മേളനത്തിൽ രൂക്ഷ വിമർശനമാണുയർന്നത്. ജില്ലയിലെ എക്സൈസ് ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനോ ജില്ലയിൽ സ്വന്തമായി കെട്ടിടമില്ലാത്ത എക്സൈസ് ഓഫിസുകൾക്ക് കെട്ടിടം പണിയാനോ കഴിയാത്ത ഔദ്യോഗിക നേതൃത്വം പരാജയമാണെന്നതടക്കമുള്ള വിമർശനമാണ് ഉയർന്നത്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചവർ വിജയിക്കുകയുണ്ടായി.
വനിത എക്സൈസ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ ഔദ്യോഗിക നേതൃത്വത്തിന് എതിരെ പ്രവർത്തിച്ചെന്ന ആരോപണം ഔദ്യോഗികപക്ഷത്ത് ശക്തമായിരുന്നു. ഇതിനിടെ വനിത ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങുകയും വിമർശനമുയർന്നതോടെ മരവിപ്പിക്കുകയുമായിരുന്നു.
എന്നാൽ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ കഴിഞ്ഞ ദിവസം ജില്ലയിലെ ഒമ്പത് വനിത സിവിൽ എക്സൈസ് ഓഫിസർമാരെ സ്ഥലം മാറ്റിക്കൊണ്ട് വീണ്ടും ഉത്തരവിറക്കി. കമീഷണർക്കും ഇത് സംബന്ധമായി കടുത്ത സമർദമുണ്ടായതിനെ തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതെന്നാണ് സംസാരം. പല വനിത സിവിൽ പൊലീസ് ഓഫിസർമാരെയും പ്രാഥമിക കർമങ്ങൾപോലും നിർവഹിക്കാൻ സാധികാത്ത ചെക്ക് പോസ്റ്റുകളിലടക്കമാണ് സ്ഥലംമാറ്റിയത്. പാർട്ടി കുടുംബത്തിൽപെട്ടവരെ അടക്കം മാറ്റിയത് പാർട്ടിക്കകത്തും വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.