അഴിയൂരിൽ അപകട ഭീഷണിയായി തണൽ മരച്ചില്ലകൾ
text_fieldsവടകര: അഴിയൂരിൽ യാത്രക്കാർക്കും വിദ്യാർഥികൾക്കും അപകടഭീഷണിയുയർത്തി തണൽ മരച്ചില്ലകൾ. ദേശീയപാതയോരത്ത് അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് മരച്ചില്ലകൾ ഭീഷണിയായത്. ദേശീയപാത മൂടിയ നിലയിലാണ് തണൽ മരത്തിന്റെ ചില്ലകൾ പടർന്നുപന്തലിച്ചത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയുടെ വക്കിൽ മരച്ചില്ലകൾ അപകടക്കുരുക്കായി മാറിയിട്ടും മുറിച്ചുമാറ്റാൻ നടപടിയുണ്ടായിട്ടില്ല. അഴിയൂർ സ്കൂളിന് മുൻവശത്തെ ബസ് സ്റ്റോപ്പിന് സമീപത്തും മരങ്ങൾ അപകടക്കാഴ്ചയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് മരച്ചില്ലകൾക്ക് കീഴിലാണ്. കഴിഞ്ഞ ദിവസം മരത്തിന്റെ ചില്ലകൾ പൊട്ടിവീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. കാലവർഷമായതിനാൽ കാറ്റിലും മഴയിലും മരത്തിന്റെ ചില്ലകൾ പൊട്ടിവീഴാൻ സാധ്യതയേറെയാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തണലേകിയ മരങ്ങൾ പൂർണമായും മുറിച്ചുമാറ്റിയിരുന്നു. എന്നാൽ, അഴിയൂരിലെ തണൽമരങ്ങൾ ഏറെ ആശ്വാസമായിരുന്നു. തണൽ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.