പ്രചാരണച്ചൂടിൽ ശൈലജ ടീച്ചർ
text_fieldsവടകര: വോട്ടുചെയ്യൂ... കൂട്ടരേ, വിജയിപ്പിക്കൂ... ടീച്ചറെ, ശൈലജ ടീച്ചർ തിളങ്ങും പാർലമെന്റിൽ! എന്ന ഗാനത്തിന് കുട്ടികൾമുതൽ യുവതി യുവാക്കളും വയോധികരുംവരെ അണിചേർന്ന് നൃത്തം വെച്ചപ്പോൾ അരിക്കുളം പഞ്ചായത്തിലെ കാരയാട് ഭാഗത്ത് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പര്യടനം പ്രചാരണോത്സവമായി.
വടകര ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ.കെ. ശൈലജയുടെ ബുധനാഴ്ചത്തെ പര്യടനത്തിന്റെ രണ്ടാം സ്വീകരണ കേന്ദ്രമായിരുന്നു കാരയാട്. സ്ഥാനാർഥിയുടെ വാഹനവ്യൂഹം സ്ഥലത്തേക്ക് എത്തുമ്പോഴേക്കും കസവുസാരിയുടുത്ത് മുല്ലപ്പൂ ചൂടി വലിയൊരു നിര ശൈലജയുടെ കട്ടൗട്ടും തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത ചെങ്കൊടിയുമായി കാത്തുനിൽപുണ്ടായിരുന്നു.
പൈലറ്റ് വാഹനം എത്തിയതോടെ സ്ഥലത്ത് തമ്പടിച്ച നാസിക്ഡോൾ ടീം ആഘോഷ പൊലിമ തീർത്തു. കസവണിഞ്ഞ യുവതികൾ നൃത്തം തുടങ്ങി. പിന്നീടതൊരു ഘോഷയാത്രയായി സ്വീകരണവേദിയിലേക്ക്. തുടർന്നായിരുന്നു അജേഷ് കാരയാടിന്റെ ആവിഷ്കാരത്തിലൊരുങ്ങിയ സംഗീത ദൃശ്യ ശിൽപം അരങ്ങേറിയത്.
ശൈലജയുടെ ചെറിയ പ്രസംഗത്തോടെയാണ് ഇവിടത്തെ സ്വീകരണത്തിന് പരിസമാപ്തിയായത്. രാവിലെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെതന്നെ കുടുംബയോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുത്തു. ഉച്ചയോടെയാണ് പൊതുപര്യടനം ആരംഭിച്ചത്.
ആദ്യ സ്വീകരണം ഊരള്ളൂരിലായിരുന്നു. സ്ഥാനാർഥി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പേതന്നെ ഈ അങ്ങാടി പാർട്ടി പ്രവർത്തകരാലും പൊതുജനങ്ങളാലും നിറഞ്ഞിരുന്നു. അങ്ങാടിയിലൊരുക്കിയ ശൈലജയുടെ കൂറ്റൻ കട്ടൗട്ടിന് എതിർഭാഗത്തായിരുന്നു സ്വീകരണം.
സ്ഥാനാർഥി എത്തും മുമ്പേ പൊതുയോഗം തുടങ്ങി. പ്രകാശൻ അധ്യക്ഷതവഹിച്ച യോഗത്തിൽ എ.എം. സുഗതൻ, വി. അഷ്റഫ്, സി.വി. രതീഷ് തുടങ്ങിയവർ സംസാരിച്ചു. തുറന്ന വാഹനത്തിൽ സ്ഥാനാർഥി എത്തിയതോടെ ആളുകളുടെ ആവേശം അണപൊട്ടി. കുട്ടികളടക്കം തങ്ങളുടെ ‘ടീച്ചറമ്മ’ക്കൊപ്പംനിന്ന് സെൽഫിയെടുക്കാനുള്ള മത്സരത്തിലായിരുന്നു.
വേദിയിലെത്തിയ ടീച്ചറെ നിരവധി പേർ ഹാരാർപ്പണം നടത്തി. സിദ്ധാർഥ്, തനിമ എന്നിവർ വരച്ച ചിത്രങ്ങൾ സ്ഥാനാർഥിക്ക് വേദിയിൽ കൈമാറി. നിയോജക മണ്ഡലത്തിലെ തന്നെ അഞ്ചാംപീടിക, കോങ്കോട്ട് മുക്ക് എന്നിവിടങ്ങളിലും സ്ഥാനാർഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് പര്യടന വാഹനം മുറിച്ചാണ്ടി മുക്കിൽ എത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു.
ഇരിങ്ങത്ത്, അയിമ്പാടിപ്പാറ, കക്കറമുക്ക്, കല്ലോട്, വിളയാട്ടുകണ്ടിമുക്ക് എന്നിവിടങ്ങളിലെല്ലാം ബാൻഡ് വാദ്യത്തിന്റെയടക്കം അകമ്പടിയോടെയാണ് ആളുകൾ സ്ഥാനാർഥിയെ വരവേറ്റത്.
സമാപനം കോടേരിച്ചാലായിരുന്നു. പറഞ്ഞതിലും രാത്രി വൈകിയാണ് ഇവിടെ സ്ഥാനാർഥി എത്തിയതെങ്കിലും സ്ത്രീകൾ അടക്കമുള്ളവരുടെ വൻനിരയാണ് ഇവിടെയും വരവേറ്റത്. കെ. കുഞ്ഞഹമ്മദ്, എസ്.കെ. സജീഷ്, അജയ് ആവള, ചന്ദ്രൻ തുടങ്ങിയവരാണ് സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ മുഴുവൻ സമയവും ഉണ്ടായിരുന്നത്.
സൈബർ ആക്രമണം വോട്ടർമാർ വിലയിരുത്തട്ടെ -കെ.കെ. ശൈലജ
വടകരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും തനിക്കെതിരായ സൈബർ ആക്രമണം വോട്ടർമാർ വിലയിരുത്തട്ടെയെന്നും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ ‘മാധ്യമ’ത്തോട് പറഞ്ഞു. ഈ രാജ്യം എല്ലാവരുടേതുമാണ്. ഒരു വിഭാഗത്തിന് പൗരത്വം നൽകില്ല, റേഷൻ കാർഡ് നൽകില്ല എന്നൊന്നും പറയുന്നത് അംഗീകരിക്കാനാവില്ല.
പാർലമെന്റിൽ പല വിവാദ ബില്ലുകളും എത്തുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുകയാണുണ്ടായത്. എൽ.ഡി.എഫ് അംഗങ്ങളെ ജയിപ്പിച്ചാൽ അവർ മതേതര, ഭരണഘടന മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളും. സൈബർ മേഖലയിലെ വ്യാജ പ്രചാരണങ്ങളിൽ പൊലീസ് അന്വേഷണം നടക്കട്ടെ. പാർലമെന്റിൽ വടകരയുടെ നാവും വാക്കുമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.