ഹൃദയവേദനയിൽ അവൾ എഴുതി 'ഒരായിരം നന്ദി'
text_fieldsവടകര: പ്രിയതമന്റെ വേർപാടിൽ മരവിച്ച മനസ്സുമായി കഴിയുന്ന യുവതി പൊലീസ് ഉദ്യേഗസ്ഥന് അയച്ച വാട്സ്ആപ് സന്ദേശം വൈറലാകുന്നു. വടകര ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച ഇരിങ്ങൽ കോട്ടക്കുന്നിലെ ബബിലേഷിന്റെ ഭാര്യയാണ് പൊലീസിന്റെ അന്വേഷണ മികവിനെയും എസ്.ഐ മഹേഷിനെയും പ്രശംസിച്ച് ഹൃദയസ്പർശിയായ വാട്സ്ആപ് സന്ദേശം അയച്ചത്. 2023 ഡിസംബർ 19ന് വടകര ആശ ഹോസ്പിറ്റലിനുമുന്നിൽ ദേശീയപാതയിലാണ് അപകടം. ചോമ്പാലിൽ നിന്ന് വടകര ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്ന ബബിലേഷിനെ കാർ ഇടിക്കുകയും ലോറിക്കടിയിലേക്ക് തെറിച്ചുവീണ് മരിക്കുകയുമായിരുന്നു.
അപകടത്തിനിടയാക്കിയ കാർ നിർത്താതെ ഓടിച്ചുപോയി. പൊലീസിന്റെ അന്വേഷണ മികവിൽ ആറുമാസം പിന്നിടുമ്പോഴാണ് കാണാമറയത്തുള്ള പ്രതികളെ ശാസ്ത്രീയ അന്വേഷണ മികവിൽ വെളിച്ചത്ത് കൊണ്ടുവന്നത്. ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി കടകളുടെ മുൻഭാഗം പൊളിച്ച് നീക്കിയതിനാൽ വടകരയിൽ പലയിടത്തും സി.സി.ടി.വികൾ പ്രവർത്തിച്ചിരുന്നില്ല. തുടർന്ന്, സമീപ ടൗണുകളിലടക്കം 50 ലധികം ദൃശ്യങ്ങൾ വിശകലനം ചെയ്തും അപകടത്തിൽപെട്ട വാഹനത്തിൽ ഫോറൻസിക് പരിശോധന നടത്തിയുമാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്നുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നും കാർ ഓടിച്ചത് ചാലക്കുടി സ്വദേശി ദിനേശ് കൊല്ലപ്പള്ളിയാണെന്നും തിരിച്ചറിഞ്ഞത്.
'നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി, എന്റെ മുത്തേട്ടന് നീതി നേടിക്കൊടുത്തതിന് ഒരിക്കലും മറക്കില്ല, എന്നെപ്പോലുള്ള പാവങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സാറിന്റെ കൈകൾക്ക് കരുത്തുണ്ടാവട്ടെ' എന്നു തുടങ്ങുന്നതാണ് സന്ദേശം.
സന്ദേശം ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഉല്ലാസ്, സൂരജ്, സജീവൻ എന്നിവരടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ മികച്ച അന്വേഷണം പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. ആസ്ട്രേലിയയിലേക്ക് കടന്ന പ്രതിക്കെതിരെ കുറ്റപത്രം തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.