വ്യാപാര കേന്ദ്രത്തിലെ തീപിടിത്തം; ആറു ലക്ഷത്തിന്റെ നാശം
text_fieldsവടകര: പുതിയ സ്റ്റാൻഡിനടുത്ത ചെരിപ്പുകടയിലുണ്ടായ തീപിടിത്തത്തിൽ ആറു ലക്ഷം രൂപയുടെ നാശനഷ്ടം. ചൊവ്വാഴ്ച വൈകീട്ട് 6.45ഓടെയാണ് നഗരത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. തലശ്ശേരി ചമ്പാട് ഐശ്വര്യയിൽ ഖാലിദിെൻറ ഉടമസ്ഥതയിലുള്ള പാദകേന്ദ്ര കെട്ടിടത്തിെൻറ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചെരിപ്പ്, ബാഗുകൾ, ഫർണിച്ചർ തുടങ്ങിയവയാണ് കത്തിനശിച്ചത്. വൈദ്യുതി വകുപ്പ് അധികൃതർ കെട്ടിടത്തിൽ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനക്കുശേഷമേ വ്യക്തത ലഭിക്കൂ. നഗരസഭ എൻജിനീയറിങ് വിഭാഗത്തിെൻറ നേതൃത്വത്തിൽ കെട്ടിടത്തിൽ പരിശോധന നടത്തി. 370 സ്ക്വയർ ഫീറ്റ് ഭാഗം കത്തിനശിച്ചതായി എൻജിനീയർമാർ പറഞ്ഞു.
ഈ മാസം 30ന് കോവിഡിനുശേഷം കെട്ടിടത്തിെൻറ അറ്റകുറ്റപ്പണികൾ നടത്തി സ്ഥാപനം തുറക്കാനായിരുന്നു ഉടമയുടെ തീരുമാനം. ഇതോടനുബന്ധിച്ച് പുതിയ സാധനങ്ങളടക്കം കെട്ടിടത്തിൽ 15 ലക്ഷം രൂപയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്നു. പുതിയ സാധനങ്ങൾ താഴെ നിലയിലായിരുന്നതിനാൽ തീപിടിച്ചില്ല. കോവിഡ് സമയത്ത് കാലാവധി കഴിഞ്ഞ ഇൻഷുർ കട ഉടമ പുതുക്കിയിരുന്നില്ല. വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര ഫയർ സ്റ്റേഷനുകളിൽനിന്നുള്ള ആറ് യൂനിറ്റ് ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ട് നാലു മണിക്കൂർ എടുത്താണ് തീ കെടുത്തിയത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത് വൻ നാശനഷ്ടം ഒഴിവാക്കി.നഗരസഭ സിവിൽ എൻജിനീയർമാരായ കെ. ഹാരിസ്, വി.കെ. ഷിൽന, പി. പ്രബിന, രാഹുൽ ഖിത്ത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
കെട്ടിടങ്ങൾക്ക് സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തത് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു
വടകര: നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് സുരക്ഷ സംവിധാനങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഗ്നിശമന സേന നൽകിയ റിപ്പോർട്ടുകൾ നഗരസഭ അവഗണിക്കുന്നത് തീപിടിത്തം പോലുള്ള അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. രണ്ടു വർഷം മുമ്പ് നഗരത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യു നടത്തിയ പരിശോധനയിൽ മുപ്പതോളം കെട്ടിടങ്ങളിൽ വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് നഗരസഭക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ നഗരസഭയുടെ ഭാഗത്തു നിന്ന് നടപടിയൊന്നും ഉണ്ടായില്ല. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് അധികൃതർ ഉണരുന്നത്.
പല കെട്ടിടങ്ങളുടെയും ഗോവണികൾ അടക്കം വീതി കുറഞ്ഞ നിലയിലാണ് നിർമിച്ചിരിക്കുന്നത്. കെട്ടിടങ്ങളിൽ പലതിലും ഫയർ എക്സ്റ്റിംഗ്യുഷൻ സംവിധാനം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വടകരയിലുണ്ടായ തീപിടിത്തം ഒരു മണിക്കൂർ കൊണ്ട് അണക്കാമായിരുന്നത് മണിക്കൂറുകൾ വൈകിയത് ഇത്തരം സുരക്ഷ വീഴ്ച കാരണമാണെന്നാണ് വിലയിരുത്തുന്നത്.
നഗരത്തിൽ കെട്ടിട നിർമാണം പൂർത്തിയായാൽ പാർക്കിങ് ഏരിയ അടക്കം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുകയും പിന്നീട് നഗരസഭ എൻജിനീയറിങ് വിഭാഗം തന്നെ കടകൾക്ക് നമ്പറും ലൈസൻസും നൽകുന്ന പതിവാണുള്ളത്. പാർക്കിങ് കേന്ദ്രങ്ങൾ ഇല്ലാതാവുന്നതോടെ വാഹനങ്ങളുടെ പാർക്കിങ് റോഡിലേക്ക് നീങ്ങുകയും ഗതാഗതക്കുരുക്കും പതിവാകുകയാണ്. നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ വീഴ്ച ഫയർഫോഴ്സ് എം.എൽ.എയുടെയും നഗരസഭയുടെയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
തീപിടിത്തം അറിഞ്ഞത് ബാവ എന്ന തെരുവ് നായ്
തീ പിടിത്തം ആദ്യം അറിഞ്ഞതും ആളുകളെ അറിയിച്ചതും ബാവ എന്ന തെരുവ് നായ്. വടകര പുതിയ സ്റ്റാൻഡിനടുത്തെ പാദ കേന്ദ്രയിൽ തീപിടിത്തമുണ്ടായി പ്ലാസ്റ്റിക് കത്തി പുക ഉയ ർന്നതോടെ ബാവ എന്ന തെരുവ് നായ കെട്ടിടത്തിലേക്ക് നോക്കി ഉച്ചത്തിൽ കുരക്കുകയായിരുന്നു. പാദകേന്ദ്രയുടെ ഗോവണി പടിക്കടുത്ത് നിന്ന് കൊണ്ടാണ് നായ കുരച്ചത്.
കെട്ടിടത്തിനടുത്തെ ഫ്ളവർ സ്റ്റാൾ ഉടമ പ്രകാശൻ നായയുടെ അസാധാരണയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുകയായിരുന്നു. ഇതോടെ സംഭവം ശ്രദ്ധയിൽ പെട്ട ആളുകൾ ഓടിക്കൂടി. തീപിടിത്തമുണ്ടാവുമ്പോൾ രണ്ട് തൊഴിലാളികൾ കടക്കകത്ത് ഉണ്ടായിരുന്നു. ഇവരെ പിന്നീട് പുറത്തെത്തിക്കുകയായിരുന്നു.
കോവിഡ് കാലത്ത് സന്നദ്ധ സംഘടനകൾ ഈ ഭാഗത്ത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു. ഇവയിലൊന്നിെന ബാവ എന്ന പേരിലാണ് സമീപത്തുള്ളവർ വിളിച്ചിരുന്നത്. ശാന്തശീലനായതിനാലാണ് ഈ പേര് വീണത്. സാധാരണ തെരുവ് നായ്ക്കൾ തമ്പടിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.