കാരുണ്യ മെഡിക്കൽ ഷോപ്പിൽ അവശ്യമരുന്നുകൾക്ക് ക്ഷാമം
text_fieldsവടകര: ജില്ല ആശുപത്രിയിൽ പ്രവർത്തിക്കുന്ന കാരുണ്യ മെഡിക്കൽ ഷോപ്പിൽ അവശ്യ മരുന്നുകൾക്ക് ക്ഷാമം. കിഡ്നി, ഷുഗർ, ഹാർട്ട് ഉൾപെടെയുള്ള രോഗികൾക്കുള്ള മരുന്നുകളാണ് കാരുണ്യ ഷോപ്പിൽനിന്നും പ്രധാനമായും ലഭിക്കാത്തത്. ജീവിത ശൈലി രോഗങ്ങൾക്കുൾപ്പെടെയുള്ള മരുന്നുകൾക്ക് നിർധനരായ രോഗികൾക്ക് ഏറെ ആശ്രയമായിരുന്നു കാരുണ്യ.
അടുത്തിടെയായി പലപ്പോഴായി ഇവിടെനിന്നു മരുന്നുകൾ ലഭിക്കാത്ത അവസ്ഥയാണ്. അവശ്യ മരുന്നുകൾ ലഭിക്കാതായതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്. രോഗികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് മരുന്നുകൾ ലഭിക്കാത്തതിനാൽ ഉണ്ടാവുന്നത്. ജില്ല ആശുപത്രി ധന്വന്തരി ഡയാലിസിസ് സെന്ററിൽ ദിനം പ്രതി നിരവധി പേരാണ് ഡയാലിസിസിന് വിധേയരാവുന്നത്. മരുന്നുക്ഷാമം രോഗികളെ വലക്കുകയാണ്. പാവപ്പെട്ട രോഗികൾക്ക് സാന്ത്വനമാവാനാണ് ജില്ല ആശുപത്രിയോട് ചേർന്ന് കാരുണ്യക്ക് അടിസ്ഥാന സൗകര്യമൊരുക്കി നൽകിയത്. രോഗികൾക്ക് കാരുണ്യമാവുന്നില്ലെങ്കിൽ ഷോപ്പ് എന്തിന് പ്രവർത്തിക്കുന്നുവെന്ന ചോദ്യമുയരുന്നുണ്ട്. കാരുണ്യയുടെ ആരംഭ കാലത്ത് മിക്ക മരുന്നുകളും ലഭിച്ചിരുന്നു പിന്നീട് പലതും കിട്ടാതായി.
ജില്ല കേന്ദ്രങ്ങൾ താഴെക്കിടയിലെ ഷോപ്പുകൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. രോഗികൾക്ക് തണലാവാൻ തുടങ്ങിയ പദ്ധതി സ്വകാര്യ ഷോപ്പുകൾക്ക് അനുകൂല നടപടി സ്വീകരിക്കുന്നതാണ് മരുന്നുകളുടെ ദൗർലഭ്യതക്ക് ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. നിത്യരോഗികൾ ഉൾപ്പെടെയുള്ളവരുടെ ആശ്രയമായ കാരുണ്യ മെഡിക്കൽ ഷോപ്പുകളിൽ മരുന്നുകൾ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
- കിഡ്നി, ഷുഗർ, ഹാർട്ട് ഉൾപെടെയുള്ള രോഗികൾക്കുള്ള മരുന്നുകളാണ് പ്രധാനമായും ലഭിക്കാത്തത്
- അവശ്യ മരുന്നുകൾ ലഭിക്കാതായതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്
- രോഗികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് മരുന്നുകൾ ലഭിക്കാത്തതിനാൽ ഉണ്ടാവുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.