കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിക്കുള്ളിൽ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി
text_fieldsവടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ അടച്ചിട്ട കടമുറിയിൽ പുരുഷന്റെ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി. ദേശീയപാത നിർമാണത്തിന് കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. കൈയുടെയും കാലിന്റെയും ഭാഗങ്ങളും വാരിയെല്ലുകളും ഇവിടെനിന്ന് കണ്ടെടുത്തു. തൊട്ടടുത്ത മുറിയുടെ ഭാഗത്തുനിന്ന് അസ്ഥിയുടെ ഒരു ഭാഗവും പിന്നീട് പൊലീസിന് ലഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പേപ്പർ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കിടയിലാണ് ആദ്യം മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്.
അഴുകി ദ്രവിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ആറു മാസത്തിലേറെ പഴക്കമുള്ള താണെന്ന് കരുതുന്നു. മൃതദേഹത്തിനടുത്തുനിന്ന് സിറിഞ്ചും പൊലീസ് കണ്ടെത്തി.ഹോട്ടൽ നടത്തിയിരുന്ന കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല. കെട്ടിട ഉടമ ദേശീയപാത അതോറിറ്റിക്ക് രണ്ടു വർഷം മുമ്പ് കൈമാറിയതാണ് കെട്ടിടം.
കടയുടെ ഷട്ടറിന്റെ ഭാഗങ്ങളടക്കം നേരത്തേ നീക്കംചെയ്തിരുന്നു. ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.കെ. ബിജു, എസ്.ബി ഡിവൈ.എസ്.പി ബാലചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.