റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചു കടത്തൽ; രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
text_fieldsവടകര: വടകര പൂവ്വാടൻ ഗേറ്റിന് സമീപത്തുനിന്ന് റെയിൽവേയുടെ സിഗ്നൽ കേബിൾ മുറിച്ചുകടത്തിയ സംഭവത്തിൽ രണ്ടുപേരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ സൽമാര നോർത്തിൽ ഗരുകോൺ ശരണാർത്തി ശിബിറിൽ മനോവർ അലി (37), ബാർപേട്ട ബാലികുറി ഗാനലിൽ അബ്ബാസ് അലി (47) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോഴിക്കോട് സി.ജെ.എം കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വടകര പരവന്തലയിൽ വാടക വീട്ടിൽ താമസിച്ച് ആക്രിക്കച്ചവടം നടത്തുന്നവരാണ് അറസ്റ്റിലായവർ. ഇവരിൽനിന്ന് 12 മീറ്റർ നീളമുള്ള കേബിളുകൾ കണ്ടെടുത്തു. മുറിച്ചുമാറ്റിയ ഏഴു മീറ്റർ നീളമുള്ള കേബിളുകൾ അബ്ബാസ് അലിയുടെ പരവന്തലയിലെ ആക്രിക്കടയിൽനിന്നും അഞ്ച് മീറ്റർ ഇവരുടെ കൈയിൽനിന്നുമാണ് പിടികൂടിയത്.
റെയിൽവേ ഗേറ്റിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട മനോവർ അലിയെ ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ആളൊഴിഞ്ഞ സമയത്ത് കേബിൾ കടത്തിക്കൊണ്ടുപോകാനാണ് ഇയാൾ അവിടെ തങ്ങിയത്. ഇതിനിടെയാണ് ആർ.പി.എഫിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ 5.30 ഓടെയാണ് വടകരക്കും മാഹിക്കും ഇടയിൽ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന വിവരം റെയിൽവേക്ക് ലഭിക്കുന്നത്. റെയിൽവേ കൺട്രോൾ റൂമിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിൽ പൂവ്വാടൻ ഗേറ്റിൽ സിഗ്നൽ കേബിളുകൾ മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. സിഗ്നൽ ലഭിക്കാതായതോടെ മലബാർ എക്സ്പ്രസ് മുതൽ പത്തോളം ട്രെയിനുകളാണ് വൈകി ഓടിയതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാർ, വടകര ആർ.പി.എഫ് എസ്.ഐ ടി. ധന്യ, കോൺസ്റ്റബിൾമാരായ അബ്ദുൽ മജീദ്, സിരാജ് കെ. മേനോൻ, കെ. സജിത്ത്, മനോഹരൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.