സ്റ്റേഡിയത്തിലെ കെട്ടിടനിർമാണം: കളിസ്ഥലം നഷ്ടപ്പെടാനിടയാക്കരുത്
text_fieldsവടകര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുള്ള നഗരസഭ മിനി സ്റ്റേഡിയത്തിൽ കെട്ടിടം നിർമിച്ച് കളിസ്ഥലം നഷ്ടപ്പെടുത്തരുതെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.കെ. അസീസ് മാസ്റ്റർ ആവശ്യപ്പെട്ടു. നഗരത്തിലെയും പരിസര പ്രദേശങ്ങളിലേയും നിരവധി കായികതാരങ്ങളുടെ കളിസ്ഥലമാണിത്. മൂന്ന് കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ കളിസ്ഥലവും 200 മീറ്റർ ട്രക്കും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. ഇക്കാര്യത്തിൽ കായികതാരങ്ങളുടെ ആശങ്കയകറ്റാൻ നഗരസഭ തയാറാകണം. കെട്ടിടം നിർമിക്കാൻ മറ്റു സ്ഥലങ്ങൾ ഉണ്ടെങ്കിൽ ഇക്കാര്യം പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്റ്റേഡിയം നിലനിർത്തി കെട്ടിടനിർമാണത്തിന് മറ്റൊരുസ്ഥലം കണ്ടെത്തണമെന്ന് ബി.ജെ.പി അംഗം പി.കെ. സിന്ധു, കോൺഗ്രസ് അംഗം അജിത ചീരാംവീട്ടിൽ, പി.കെ.സി. അഫ്സൽ എന്നിവരും ആവശ്യപ്പെട്ടു.
സ്റ്റേഡിയത്തിൽ കെട്ടിടനിർമാണവുമായി മുന്നോട്ടുപോയില്ലെങ്കിൽ കിഫ്ബി ഫണ്ട് നഷ്ടമാവുമെന്ന് നഗരസഭ ചെയർപേഴ്സൻ യോഗത്തിൽ വ്യക്തമാക്കി. കെട്ടിടം നിർമിക്കുന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും കായികതാരങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭ കൗൺസിൽ അക്ഷര വിരോധികളോ കായികവിരോധികളോ അല്ലെന്നും ചെയർപേഴ്സൻ പറഞ്ഞു.
പഴയ ബസ് സ്റ്റാൻഡിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ലിങ്ക് റോഡിൽനിന്ന് സർവിസ് നടത്തുന്ന ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റാൻ തയാറാകണമെന്ന് കോൺഗ്രസ് അംഗം എ. പ്രേമകുമാരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്ന് ചെയർപേഴ്സൻ പറഞ്ഞു. തീരദേശമേഖലയിൽ കടൽഭിത്തി പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ അംഗം പി.എസ്. ഹക്കീം പറഞ്ഞു. കാർബൺ ന്യൂട്രൽ പ്രോജക്ടിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ച മരങ്ങളും ജൈവകലവറയും കത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗിലെ ഹാഷിം ആവശ്യപ്പെട്ടു. ചെയർപേഴ്സൻ കെ.പി. ബിന്ദു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.