കോവിഡ്: സർക്കാർ ഓഫിസുകളിൽ ജീവനക്കാരുടെ കുറവ്; വലഞ്ഞ് ജനം
text_fieldsവടകര: കോവിഡ് വ്യാപനം തീവ്രമായതോടെ ഓഫിസുകളിൽ ജീവനക്കാരുടെ കുറവ് ജനത്തെ വട്ടം കറക്കുന്നു.പല സർക്കാർ ഓഫിസുകളിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ഫയലുകളുടെ നീക്കം നിലച്ചിരിക്കുന്ന അവസ്ഥയാണ്.
ഗ്രാമ പഞ്ചായത്ത് ഓഫിസുകളിൽ വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അനുമതി ലൈസൻസ് നമ്പർ തുടങ്ങി പല വിധ സർട്ടിഫിക്കറ്റുകൾക്കും കയറി ഇറങ്ങേണ്ട സ്ഥിതിയാണുള്ളത്. വില്ലേജ് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെയും സ്ഥിതി വിഭിന്നമല്ല.
പൊതു ജനങ്ങളുമായി നിരന്തരം നേരിട്ട് ബന്ധപ്പെടുന്നതു കൊണ്ടു തന്നെ രോഗത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ ബാധിച്ചത് സർക്കാർ അർധസർക്കാർ ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള ജീവനക്കാരെയാണ്. ഇതുകൊണ്ട് തന്നെ പലരും നീണ്ട അവധിയിൽ പ്രവേശിക്കുന്നതിനാൽ ഏറെ ബുദ്ധിമുട്ടാണ് സാധാരണക്കാർ അനുഭവിക്കുന്നത്. കോവിഡ് ബാധിച്ച ജീവനക്കാർ അവധിയിൽ പ്രവേശിച്ചാൽ പകരം ചുമതല പല ഓഫിസുകളിലും നൽകാത്തതാണ് ബുദ്ധിമുട്ടിന് ഇടയാക്കുന്നത്.
ജീവനക്കാർ തിരിച്ചെത്തിയാൽ മാത്രമെ ഇവരുമായി ബന്ധപ്പെട്ട ഫയലുകൾക്ക് വീണ്ടും ജീവൻ വെക്കുന്നത്. ഇതാകട്ടെ 15 ദിവസം മുതൽ ഒരു മാസം വരെ വൈകുന്ന സ്ഥിതിവിശേഷമാണുള്ളത്. ആരോഗ്യ വകുപ്പിലാകട്ടെ ജീവനക്കാരാണ് വട്ടം കറങ്ങുന്നത്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും പ്രതിരോധ സംവിധാനത്തിനു കരുത്തായിരുന്ന കോവിഡ് ബ്രിഗേഡിലുണ്ടായിരുന്ന ജീവനക്കാരെ ഏതാനും മാസം മുമ്പ് ഒഴിവാക്കി.
ആരോഗ്യ വകുപ്പിലെ ജീവനക്കാരില്‍ പലരും കോവിഡ് പിടിപെട്ട് അവധിയിലായതോടെ കോവിഡ് ബാധിതരുമായി സമ്പര്ക്കമുണ്ടായിരുന്നവരെപ്പോലും ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശിക്കുകയാണ്.ആദ്യ രണ്ടു തരംഗങ്ങളിലും കോവിഡ് തീവ്രമല്ലാത്തവരെ സി.എഫ്.എൽ.ടി.സികളിലാണ് പ്രവേശിപ്പിച്ചിരുന്നത്. മേഖലയിൽ മണിയൂരിൽ പ്രവർത്തിച്ചിരുന്ന എഫ്.എൽ.ടി.സി അടച്ചുപൂട്ടിയതോടെ രോഗികൾ നേരിട്ട് മെഡിക്കൽ കോളജിലോ വടകര ജില്ല ആശുപത്രിയിലോ എത്തുന്നതിനാൽ ജീവനക്കാർ കൂട്ടത്തോടെ കോവിഡ് ബാധിതരാവുകയാണ്.
വടകര മേഖലയിൽ ഉദ്യോഗസ്ഥരുടെ കുറവ് എല്ലാ സർക്കാർ മേഖലയും കാര്യമായി ബാധിച്ചിട്ടുണ്ട് . ആളുകളുടെ എണ്ണം കുറയുന്നതോടെ സ്ഥാപനങ്ങളിൽ മറ്റുള്ളവർക്ക് നാലിരട്ടിപ്പണിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.