ആരോഗ്യവകുപ്പിന്റെ വ്യാപക പരിശോധന; വടകരയിൽ പഴകിയ ഭക്ഷണം പിടികൂടി
text_fieldsവടകര: നഗരസഭ ആരോഗ്യവിഭാഗം കടകളിൽ വ്യാപക പരിശോധന നടത്തി പഴകിയ ഭക്ഷണം പിടികൂടി. രാത്രിയും പുലർച്ചെയും നടന്ന പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചത്. നഗരപരിധിയിലെ ഹോട്ടൽ, കൂൾബാർ, ടീഷോപ്, ബേക്കറി തുടങ്ങി പത്തോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
പുതിയ സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ചായപ്പീടിക, ടേസ്റ്റി കൂൾ, മേപ്പയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സൺവേ, ഗവ. ഹോസ്പിറ്റൽ റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടൽ കരിമ്പന, എടോടിയിൽ പ്രവർത്തിക്കുന്ന സ്‌പൈസി ചിപ്സ് എന്നീ സ്ഥാപനങ്ങളിൽനിന്നാണ് പഴകിയതും ദിവസങ്ങളോളം ഫ്രീസറിൽ പാക്ക് ചെയ്യാതെ സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചത്.
പല സ്ഥാപനങ്ങളും ആവശ്യമായ ശുചിത്വ നിലവാരം ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. അടുക്കളയും പരിസരവും വൃത്തിഹീനമായ നിലയിൽ കണ്ടെത്തി. മേപ്പയിൽ സൺവേ ഹോട്ടലിൽനിന്ന് പൊതു ഡ്രെയ്നേജിലേക്ക് മലിനജലം ഒഴുക്കിയതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകി. പല സ്ഥാപനങ്ങളിലും തൊഴിലാളികൾ ഹെൽത്ത് കാർഡ് ഇല്ലാതെ ജോലിചെയ്യുന്നതും കണ്ടെത്തി. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന കർശനമാക്കിയത്.
വരുംദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്നും മതിയായ ശുചിത്വവും ലൈസൻസ് മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾക്കെതിരെ കുറ്റങ്ങൾ ആവർത്തിക്കുന്നപക്ഷം ലൈസൻസ് റദ്ദ് ചെയ്ത് സ്ഥാപനം അടച്ചുപൂട്ടുന്ന നടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പൽ സെക്രട്ടറി എൻ.കെ. ഹരീഷ് അറിയിച്ചു.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ വിൻസെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.ജി. അജിത്, കമലാക്ഷി, ജെ.എച്ച്.ഐമാരായ എം.പി. രാജേഷ്‌കുമാർ, പി. സിന്ധു, പി.കെ, വിഗിഷ, രമ്യ, ദീപിക, ഡ്രൈവർ ദിനേശൻ, ഫൈസൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.