എസ്.എൻ.ഡി.പി നേതാവിന്റെ ബന്ധുവീടിന് നേരെ കല്ലേറ്: ജനൽ ചില്ലുകൾ തകർന്നു
text_fieldsവടകര: എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗവും, വടകര യൂനിയൻ സെക്രട്ടറിയുമായ പി.എം. രവീന്ദ്രന്റെ മകന്റെ ഭാര്യാപിതാവിന്റെ വീടിനുനേരെ ആക്രമണം. വടകര ചെക്കോട്ടി ബസാറിലെ വൈശാലിയിൽ കൃഷ്ണദാസിന്റെ വീടിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ന് അക്രമമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ മുൻ ഭാഗത്തെ രണ്ട് ജനൽ ചില്ലുകൾ തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടുകാർ ഉറക്കത്തിലായിരുന്നു. വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.
വീട്ടുടമയുടെ പരാതി പ്രകാരം വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് യൂനിയൻ പ്രസിഡന്റ് ദാമോദരന് നേരെയും ആക്രമണം ഉണ്ടായിരുന്നു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇദ്ദേഹത്തെ ഒരു സംഘം അടിച്ചുവീഴ്‌ത്തുകയായിരുന്നു. യൂനിയൻ വൈസ് പ്രസിഡന്റ് കെ.ടി. ഹരിമോഹന്റെ വീടിനു നേരെയും ആക്രമണമുണ്ടായിരുന്നു. കാറും അക്രമത്തിൽ തകർത്തിരുന്നു. യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രന്റെ വീടും വാഹനവും രണ്ട് തവണ ആക്രമിച്ചിരുന്നു. സംഭവത്തിൽ നേരത്തെ നൽകിയ പരാതികളിലൊന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
പൊലീസ് ഇടപെടൽ ഇല്ലാത്തതാണ് ആക്രമണങ്ങൾ തുടരാൻ കാരണമെന്നും യൂനിയൻ നേതാക്കൾ ആരോപിച്ചു. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വീട് സന്ദർശിച്ച ശേഷം എസ്.എൻ.ഡി.പി വടകര യൂനിയൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.