തെരുവ് നായ് ശല്യം; വടകരയിൽ ഭരണ-പ്രതിപക്ഷ തർക്കം
text_fieldsവടകര: വടകരയിലും പരിസര പ്രദേശങ്ങളിലുമായി വർദ്ധിച്ചു വരുന്ന തെരുവ് നായ് ശല്യം സംബന്ധിച്ച് നഗരസഭ കൗൺസിൽ നടന്ന യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തർക്കം.
നഗരസഭ പരിധിയിൽ തെരുവ് നായ്ക്കൾ ജനങ്ങളെ അക്രമിച്ച് പരിക്കേൽപിക്കുന്ന സംഭവങ്ങൾ പതിവായ സാഹചര്യത്തിലാണ് കൗൺസിൽ പ്രത്യേക അജണ്ടയായി ചർച്ച നടത്തിയത്. തെരുവ് നായ്ക്കൾക്ക് തീവ്രവാക്സിനേഷൻ യജ്ഞവും തെരുവുനായ്ക്കൾക്കും ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്കും അഭയ കേന്ദ്രം സജ്ജമാക്കുമെന്നും നഗരസഭ ചെയർപേഴ്സൺ കെ. പി ബിന്ദു അറിയിച്ചു.
ആദ്യഘട്ടത്തിൽ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ 24 മുതൽ 27 വരെ തിയ്യതികളിൽ നടക്കും. തുടർന്ന് നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കും. അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി കുത്തിവെപ്പിന് എത്തിക്കാൻ പട്ടിപിടുത്തകാരുടെ ഗ്രൂപ്പ് രൂപവത്കരിക്കാനും പദ്ധതിയുണ്ടെന്ന് അവർ പറഞ്ഞു.
ചില നഗരസഭകളിൽ എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുമ്പോൾ വടകരയിൽ വേണ്ട രീതിയിൽ നടപ്പിലാക്കുന്നില്ലെന്നും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.കെ. അസീസും കൗൺസിലർമാരായ പി.വി ഹാഷിം, പി.കെ.സി അഫ്സൽ എന്നിവർ പറഞ്ഞു.
നടപടികൾ ഊർജിതമാക്കിയതായി ചെയർപേഴ്സൺ ചൂണ്ടിക്കാട്ടിയതോടെ പിന്തുണയുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തി. തുടർന്ന് ചൂടേറിയ ചർച്ചയായി. ജെ.ടി റോഡിലെയും പരിസര പ്രദേശത്തെയും വെള്ളക്കെട്ടിന് പരിഹാരം കാണാൻ കലുങ്ക് നിർമിക്കുന്നതിന് പി.ഡബ്ല്യു.ഡി റോഡ് വിഭാഗത്തോട് ആവശ്യപ്പെടും.
നാരായണ നഗറിലെ ബി.ഒ.ടി കെട്ടിടം നവംബർ മാസത്തോടെ പ്രവർത്തന സജ്ജമാവുമെന്നും ചെയർപേഴ്സൺ കൗൺസിൽ യോഗത്തെ അറിയിച്ചു. ദേശീയപാതയിലെ സിഗ്നലുകൾ കത്താത്തത് അപകടക്കുരുക്കാവുന്നത് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ട്രാഫിക് പൊലീസുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. ചെയർപേഴ്സൺ കെ.പി ബിന്ദു അധ്യക്ഷത വഹിച്ചു. എ.പി പ്രജിത, എം. ബിജു, ടി.കെ പ്രഭാകരൻ, വി.കെ അസീസ്, പി. സജീവ് കുമാർ, പി.വി ഹാഷിം, പി.കെ.സി അഫ്സൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.