ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽ വിദ്യാർഥികൾ; നാലു പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsവടകര: ഓൺലൈൻ തട്ടിപ്പ് സംഘത്തിന് ബാങ്ക് അക്കൗണ്ട് നൽകിയ നാലു വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആയഞ്ചേരി പൊന്മേരിപ്പറമ്പ്, കടമേരി, വേളം, തീക്കുനി സ്വദേശികളായ നാലു പേരെയാണ് വടകര പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
ഓൺലൈൻ തട്ടിപ്പ് സംഘം ഇവരെ കബളിപ്പിച്ച് കമീഷൻ വാഗ്ദാനം നൽകിയാണ് ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയത്. ഇവർ നൽകിയ അക്കൗണ്ടുകളിലേക്ക് പലരിൽനിന്നായി തട്ടിയെടുത്ത പണം എത്തുകയുണ്ടായി. അക്കൗണ്ടിലേക്ക് പണം എത്തുമ്പോൾ നിശ്ചിത സംഖ്യ ഇവർക്ക് കമീഷനായി ലഭിച്ചിരുന്നു. ഓൺലൈൻ വഴി പണം നഷ്ടപ്പെട്ടവർ മധ്യപ്രദേശ് പൊലീസിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നുള്ളവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തുന്നതെന്ന് കണ്ടെത്തി. മധ്യപ്രദേശ് പൊലീസ് ഒരാഴ്ചയോളം വടകരയിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ട് ഉടമകളെ കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് വടകര പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും മധ്യപ്രദേശിലേക്ക് കൊണ്ടുപോയി. വീടുകളിൽ പൊലീസ് എത്തിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി ഇവർ അറിയുന്നത്. കമീഷൻ മോഹിച്ച് ബാങ്ക് അക്കൗണ്ട് എടുത്തുനൽകിയതാണ് ഇവർക്ക് വിനയായത്. പിതാവിന്റേതുൾപ്പെടെ അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറിയിരുന്നു.
മേഖലയിൽ ഇത്തരത്തിൽ അക്കൗണ്ടുകൾ കൈമാറിയ നിരവധി പേരുണ്ടെന്നാണ് സൂചന. വിദ്യാർഥികളെയാണ് തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും ഇരകളാക്കുന്നത്. നേരത്തേ ജില്ലയിലെ മറ്റു ചില ഭാഗങ്ങളിലും ഇതേരീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു. ഇതുസംബന്ധിച്ച് മാധ്യമ വാർത്തകൾ വന്നിട്ടും പലരും തട്ടിപ്പിന് തലവെച്ചുകൊടുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.