ഒന്നര നൂറ്റാണ്ട് പഴക്കമുള്ള സബ് രജിസ്ട്രാർ ഓഫിസ് ഓർമയാവും
text_fieldsവടകര: ചരിത്രമുറങ്ങുന്ന വടകര സബ് രജിസ്ട്രാർ ഓഫിസ് ഓർമയാവുന്നു. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടമാണ് പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നത്. റവന്യൂ ടവർ നിർമാണത്തിന്റെ ഭാഗമായി രജിസ്ട്രാർ ഓഫിസ് താത്കാലികമായി എടോടിയിലെ വാടക കെട്ടിടത്തിൽ വെള്ളിയാഴ്ച മുതൽ പ്രവർത്തിക്കും.
റവന്യു ടവർ യാഥാർഥ്യമാവുന്നതോടെ ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങും. 1865 മാർച്ച് 13നാണ് വടകരയിൽ സബ് രജിസ്ട്രാർ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. മലബാറിൽ തലശേരിക്കടുത്ത് അഞ്ചരക്കണ്ടിയിൽ മാത്രമാണ് അക്കാലത്ത് രജിസ്ട്രാർ ഓഫിസ് ഉണ്ടായിരുന്നത്.
വടകര, നടക്കുതാഴ, ചോറോട് വില്ലേജുകളിലെ 12 ദേശങ്ങൾ ഉൾപ്പെടുന്നതാണ് വടകര സബ് രജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തന പരിധി. ഭൂമി കൈമാറ്റ രജിസ്ട്രേഷൻ, ഒസ്യത്തുകൾ, വിവാഹ രജിസ്ട്രേഷൻ, ചിട്ടി രജിസ്ട്രേഷൻ എന്നിവയാണ് പ്രധാനമായും ഇവിടെ രജിസ്റ്റർ ചെയ്തിരുന്നത്.
1969 വരെ ആധാരത്തിന്റെ പകർപ്പുകൾ ജീവനക്കാർതന്നെ എഴുതി സൂക്ഷിക്കലായിരുന്നു പതിവ്. പിന്നീട് ഫയലിങ് സമ്പ്രദായത്തിലേക്ക് മാറി. ഇത്തരത്തിലുള്ള മുവായിരത്തിലധികം വോള്യങ്ങളും അതിലേറെ സൂചക പത്രങ്ങളും ഓഫിസിൽ കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
1988 മുതലുള്ള രജിസ്ട്രേഷൻ രേഖകൾ കമ്പ്യൂട്ടറുകളിലും സൂക്ഷിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ താൽകാലിക ഓഫിസിലേക്ക് മാറ്റാനുള്ള ശ്രമകരമായ പ്രവർത്തനം നടന്നുവരുകയാണ്. റവന്യു ടവർ നിർമാണത്തിനായി സബ് രജിസ്ട്രാർ ഓഫിസ് മാത്രമാണ് നിലവിൽ പൊളിച്ചുമാറ്റാൻ ബാക്കിയുള്ളത്.
അഗ്നിക്കിരയായ വടകര താലൂക്ക് ഓഫിസ് ഉൾപ്പെടെ സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് റവന്യു ടവർ നിർമാണം. സബ് രജിസ്ട്രാർ, ഹെഡ് ക്ലർക്ക്, ഒരു സീനിയർ ക്ലർക്ക്, രണ്ട് ക്ലർക്കുമാർ, രണ്ട് ഓഫിസ് അസിസ്റ്റൻറ്, ഒരു പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെ എട്ട് ജീവനക്കാരാണ് ഓഫിസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.