വടകര താലൂക്കിൽ പത്ത് വീടുകൾ തകർന്നു; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
text_fieldsവടകര: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വടകര താലൂക്കിൽ 10 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കടലാക്രമണം രൂക്ഷമായ കുരിയാടി ഭാഗത്ത് 10 കുടുംബങ്ങളേയും വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് നാദാപുരം വില്ലേജിൽ രണ്ടു കുടുംബത്തെയും കായക്കൊടി വില്ലേജിൽ ഒരു കുടുംബത്തേയുമാണ് മാറ്റിത്താമസിപ്പിച്ചത്. കുരിയാടിയിലും വടകര കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. കുരിയാടിയിൽ 35ഓളം കുടുംബങ്ങൾ ഭീഷണിയിലാണ്.
മേഖലയിൽ തീരദേശ റോഡും തകർന്നു. മണിയൂർ പഞ്ചായത്തിലെ കുറുന്തോടി വെട്ടിൽപീടികയിൽ സ്കൂൾ വിദ്യാർഥികളെയും കൊണ്ടുപോകുകയായിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ തേക്ക് മരം കടപുഴകി. കീഴൽ ദേവീവിലാസം സ്കൂൾ കുട്ടികളെ കൊണ്ടുപോകുകയായിരുന്നു ഓട്ടോ. മഴയെ തുടർന്ന് സ്കൂൾ നേരത്തെ വിട്ടിരുന്നു. കുട്ടികളും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം.
മരം വൈദ്യുതി ലൈനിൽ മരം തട്ടിനിന്നതിനാലാണ് വൻ അപകടം ഒഴിവായത്. കീഴൽ സ്വദേശി ദിലീപന്റേതാണ് ഓട്ടോറിക്ഷ. ചോറോട് മാങ്ങാട്ട് പാറയിൽ കുഞ്ഞിപ്പറമ്പത്ത് എ.സി. രാഘവന്റെ വീടിനു മുകളിൽ പുളിമരം കടപുഴകി വീട് ഭാഗികമായി തകർന്നു.
വടകര കോടതി പരിസരത്തെ മരത്തിന്റെ കമ്പ് പൊട്ടിവീണ് അഞ്ചുവിളക്ക് ജങ്ഷനിൽ സ്ഥാപിച്ച ക്ലോക്ക് തകർന്നു. വള്ള്യാട് കേളോത്ത് നബീസയുടെ വീടിനോട് ചേർന്നുള്ള മതിൽ തകർന്നു. വടകര പുതുപ്പണം വടക്കേ പരോത്ത് വനജയുടെ വീടിന്റെ കുളിമുറിയും ഇതോടൊപ്പമുള്ള കിണറും താണു.
ദേശീയപാതയുടെ പ്രവൃത്തി കാരണം പാതയോരങ്ങളിലെ പല വീടുകളിലും വെള്ളം കയറി. കെ.ടി ബസാറിൽ രണ്ടു വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് എൻ.എച്ച് അധികൃതരും പ്രവൃത്തി കരാർ ഏറ്റെടുത്ത കമ്പനി അധികൃതരും വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കി.
ശക്തമായ മഴയിൽ തീക്കുനി -അരൂർ റോഡ് വെള്ളത്തിലായി. അഴിത്തലയിൽ മത്സ്യത്തൊഴിലാളിയുടെ വള്ളവും എൻജിനും ശക്തമായ മഴയിലും പുഴയിലെ ഒഴുക്കിലുംപെട്ട് നാശനഷ്ടം സംഭവിച്ചു. മത്സ്യത്തൊഴിലാളിയായ തെക്കത്തിന്റവിട സലീമിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളവും എൻജിനും.
ഏകദേശം രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഈദ്മുബാറക് ഫൈബർ വള്ളത്തിനും അതിന്റെ ഒമ്പത് എച്ച്.പി എൻജിനുകളും വലയുമാണ് നശിച്ചത്. ശക്തമായ കാറ്റിലും ഒഴുക്കിലുംപെട്ട വള്ളവും എൻജിനും വലയും പുഴയിലൂടെ ഒഴുകുകയായിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും കൂടി മറ്റൊരു വള്ളത്തിൽ കയറി വള്ളവും എൻജിനും കരക്കെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.