തലശ്ശേരി - മാഹി ബൈപാസ് പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsവടകര: മുഴപ്പിലങ്ങാട്ടു നിന്നാരംഭിച്ച് അഴിയൂരിൽ അവസാനിക്കുന്ന തലശ്ശേരി -മാഹി ബൈപാസ് നിർമാണം പുരോഗമിക്കുന്നു. ഈ വർഷം അവസാനത്തോടെ കമീഷൻ ചെയ്യുമെന്ന് പ്രതീക്ഷ. നാലുവരിപ്പാതയായി 18.6 കിലോമീറ്ററാണ് ബൈപാസിന്റ നീളം. 1300 കോടി രൂപ ചെലവിലാണ് റോഡ് നിർമാണം പൂർത്തീകരിക്കുന്നത്.
ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി, അഴിയൂർ എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. നാല് വലിയ പാലങ്ങൾ, ഒരു റെയിൽവേ മേൽപാലം തുടങ്ങിയവയാണ് മാഹി ബൈപാസിലുള്ളത്. മാർച്ചിൽ പാത തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രവൃത്തി നീണ്ടു. നിലവിൽ നിർമാണം 70 ശതമാനം പൂർത്തിയായി. അഴിയൂർ ഭാഗത്തെ മേൽപാലം പണി പൂർത്തിയായിട്ടുണ്ട്. ദേശീയ പാതയിലേക്ക് കടക്കുന്ന ഭാഗത്തെ മേൽപാലവുമായി ബന്ധിക്കുന്ന ഇടങ്ങളിൽ റോഡ് നിർമാണ പ്രവൃത്തി പുരോഗമിക്കുകയാണ്. മറ്റുള്ള മേൽപാലങ്ങൾ പൂർത്തിയായെങ്കിലും മാഹി റെയിൽവേ മേൽപാലത്തിന്‍റെ പണി ഇഴഞ്ഞുനീങ്ങുകയാണ്.
മാഹി റെയിൽവേ സ്റ്റേഷനും കാരോത്ത് ഗേറ്റിനും തൊട്ടരികെ നിർമിക്കുന്ന മേൽപാലം പ്രവൃത്തിയാണ് കൃത്യമായ സമയങ്ങളിൽ റെയിൽവേയുടെ അനുമതി ലഭിക്കാതെ വൈകുന്നത്. റോഡ് പ്രവൃത്തി മുഴുമിപ്പിച്ച സ്ഥലങ്ങളിൽ ടാറിങ് നടന്നുവരുകയാണ്. ബൈപാസിലെ പ്രധാന പാലങ്ങളുടെ കോൺക്രീറ്റ് പണിയടക്കം പൂർത്തിയായി. മാഹി പുഴക്കുകുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്‍റെ പണിയും തീർന്നിട്ടുണ്ട്. എരഞ്ഞോളി പുഴക്കുകുറുകെ നിർമിക്കുന്ന പാലത്തിന്‍റെ സർവിസ് റോഡുകളുടെ സ്ഥലം ഏറ്റെടുക്കൽ നടപടി ഇതുവരെ പൂർത്തിയായിട്ടില്ല.
മുഴപ്പിലങ്ങാട് പ്രദേശത്തെ പാലയാടുമായി ബന്ധിപ്പിക്കുന്ന, ബൈപാസിന്‍റെ 420 മീറ്റർ നീളത്തിലുള്ള പാലത്തിന്‍റെയും തലശ്ശേരി - മമ്പറം റോഡിന് കുറുകെ നിർമിക്കുന്ന 'ബാലം' പാലത്തിന്‍റെയും നിർമാണം പൂർത്തിയായി. പാലം പണി പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിൽ മണ്ണിട്ട് ഉയർത്തുന്നതിനുമുമ്പ് റോഡ് ഉയർത്താൻ തൂണുകൾ പണിയേണ്ടതുണ്ട്. മാഹി ടൗണിനെ തൊടാതെ പോകുന്ന പാതയിലൂടെ 20 മിനിറ്റുകൊണ്ട് മുഴപ്പിലങ്ങാടുനിന്ന് അഴിയൂരിലും തിരിച്ചും യാത്ര ചെയ്യാൻ കഴിയും.
ഒന്നാംഘട്ട പ്രവൃത്തി മുഴപ്പിലങ്ങാട് മുതൽ പള്ളൂർ പാറാൽ വരെ 2017 ഡിസംബർ നാലിനാണ് ആരംഭിച്ചത്.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 30 മാസം കൊണ്ട് ബൈപാസ് തുറന്നുകൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. കരാർ പ്രകാരം 2021 മേയ് മാസം സ്വപ്നപദ്ധതി യാഥാർഥ്യമാകേണ്ടതാണെങ്കിലും 2018ലും 2019 ലുമുണ്ടായ പ്രളയവും ആറുമാസത്തോളമുള്ള മഴയും കോവിഡും തുടർന്നുവന്ന ലോക് ഡൗണും പ്രവൃത്തി വൈകിപ്പിച്ചു. 2020 മാർച്ചിൽ നിർത്തിവെച്ച നിർമാണ പ്രവൃത്തി മാസങ്ങൾക്കുശേഷമാണ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.