തലശ്ശേരി-മാഹി ബൈപാസ്; തിരക്കൊഴിഞ്ഞ് മാഹി
text_fieldsവടകര: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തലശ്ശേരി-മാഹി ബൈപാസ് തുറന്നതോടെ തിരക്കൊഴിഞ്ഞ് മാഹി. ജില്ല അതിർത്തിയായ അഴിയൂരിൽനിന്ന് വാഹനങ്ങൾ ബൈപാസിലേക്ക് കടക്കുന്നതോടെ മാഹി വഴി പോകുന്നവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ദീർഘദൂര യാത്രക്കാർ അധികവും ബൈപാസിനെയാണ് ഉപയോഗിക്കുന്നത്. ഇത് മാഹിയിലെ വ്യാപാര മേഖലയെ ബാധിക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
നിലവിൽ ദീർഘദൂര ബസുകൾ മാഹി വഴിയാണ് സർവിസ് നടത്തുന്നത്. ഇവ ബൈപാസ് ഉപയോഗപ്പെടുത്തിത്തുടങ്ങിയാൽ മാഹിയിലെ വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാവും. പെട്രോൾ, ഡീസൽ ഉൾപ്പെടെ മാഹിയിൽ നികുതിയിലുള്ള വ്യത്യാസത്തെത്തുടർന്ന് മിക്ക സാധനങ്ങൾക്കും സംസ്ഥാനത്തെ അപേക്ഷിച്ച് വിലക്കുറവാണ്. ദീർഘദൂര വാഹനങ്ങൾ ബൈപാസിലേക്ക് മാറിയത് പെട്രോൾ പമ്പുകളെ സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അതേസമയം, മാഹിയിലെ ഗതാഗതക്കുരുക്കിൽപെട്ട് സമയം നഷ്ടപ്പെടുന്ന ദീർഘദൂര ബസുകൾക്ക് ബൈപാസ് ആശ്വാസമായിട്ടുണ്ട്. വടകര-കണ്ണൂർ യാത്രയിലെ പ്രധാന വെല്ലുവിളി മാഹിയിലും തലശ്ശേരിയിലുമുള്ള ഗതാഗതക്കുരുക്കായിരുന്നു. അതേസമയം, മേൽപാതയിൽനിന്ന് മാഹിയിലേക്കിറങ്ങി സർവിസ് റോഡിലൂടെ യാത്ര ചെയ്യാൻ ഏറെ പ്രയാസപ്പെടുന്നതായി യാത്രക്കാർ പറയുന്നു. ജില്ല അതിർത്തിയോട് ചേർന്ന അഴിയൂർ ഭാഗത്തുനിന്ന് മാഹിയിലെത്താൻ അടിപ്പാതകളുണ്ടെങ്കിലും സർവിസ് റോഡിലേക്ക് കയറാനും ബുദ്ധിമുട്ട് ഏറെയാണ്. ഇരുചക്ര വാഹനങ്ങളുടെ അഭ്യാസ പറക്കലുകൾ പാതയിലെ നെഞ്ചിടിപ്പിക്കുന്ന കാഴ്ചയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.