തണലാകാൻ 'തണൽ' കൈ കോർക്കുന്നു
text_fieldsവടകര: ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ 'തണൽ' തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം ലഭ്യമാക്കാൻ സ്ഥിരംസംവിധാനം ഒരുക്കുന്നു. പരിപാടിയുടെ ഭാഗമായി ബിരിയാണി ചലഞ്ച് തുടങ്ങി. കേരളത്തിലെ തണൽ സെന്ററുകളുടെ കീഴിലാണ് ബിരിയാണി ചലഞ്ച്. 'ഫീഡ് ദ നീഡി' എന്ന് പേരിട്ട പദ്ധതിയിലൂടെ നിലവിൽ ബംഗളൂരുവിലും ഡൽഹിയിലും ദിവസം 4000 പൊതി ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്നുണ്ട് . ചെന്നൈയിലും പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇന്ത്യയിലെ എല്ലാ നഗരങ്ങളിലെയും തെരുവുകളിലേക്ക് ഇതു വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സോഷ്യൽ വർക്കർമാർ, സൈക്കോളജിസ്റ്റുകൾ എന്നിവരെയാണ് ഈ പദ്ധതിക്കായി നിയോഗിച്ചിരിക്കുന്നത്. ഭക്ഷണം കൊടുക്കുന്നതിലൂടെ തെരുവുമായി ബന്ധം സ്ഥാപിച്ച് ബന്ധുക്കളെ കണ്ടെത്തി കുടുംബത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഒന്നാം ഘട്ട ലക്ഷ്യം.
രണ്ടാം ഘട്ടത്തിൽ തിരികെ പോകാൻ ഇടമില്ലാത്തവർക്കായി അതത് നഗരങ്ങളിലെ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് താമസം, ഭക്ഷണം, ജോലി തുടങ്ങിയവ കണ്ടെത്തി തെരുവിലെ മനുഷ്യരെ മുഖ്യധാരയിലെത്തിക്കും.
അഗതി മന്ദിരങ്ങൾ, സ്പെഷൽ സ്കൂളുകൾ, പാലിയേറ്റിവ് യൂനിറ്റുകൾ, ഡയാലിസിസ് കേന്ദ്രങ്ങൾ, മാനസിക ആരോഗ്യ കേന്ദ്രങ്ങൾ, വില കുറച്ച് മരുന്ന് ലഭ്യമാക്കുന്ന ഫാർമസി ഔട്ട് ലെറ്റുകൾ, പുനരധിവാസ കേന്ദ്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണവും ഇതോടൊപ്പം നടക്കും.
ഏറാമല പഞ്ചായത്തിലെ 19 വാർഡുകളിൽ ബിരിയാണി തയാറാക്കാനുള്ള ഒരുക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ അഞ്ചിനാണ് പരിപാടി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ചെയർമാനും ഹമീദ് പോതിമഠത്തിൽ ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു.
ഒരു ബിരിയാണിക്ക് നൂറുരൂപയാണ് വില. പരമാവധി ഫണ്ട് സ്വരൂപിക്കാൻ ഒരു ബിരിയാണി ഒരു മോഹവില എന്ന രീതിയിലാണ് വില സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.