താഴെ അങ്ങാടിയുടെ വികസനത്തിന് കളമൊരുങ്ങി; എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
text_fieldsവടകര: താഴെഅങ്ങാടി പൈതൃക നഗരമായി നിലനിർത്തിയുള്ള വികസനപ്രവർത്തനങ്ങൾക്ക് കളമൊരുങ്ങി. തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി വടകര താഴെ അങ്ങാടിയുടെ നവീകരണത്തിനുള്ള രൂപരേഖ തയാറാക്കാൻ വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
2016ലാണ് തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായി താഴെ അങ്ങാടി നവീകരണ പദ്ധതി അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി മാണിക്കോത്ത് ക്ഷേത്ര നവീകരണത്തിന് 2.03കോടിയും താഴെഅങ്ങാടി നവീകരണത്തിന് 1.43 കോടിയുമാണ് വകയിരുത്തിയത്. ഇതിൽ തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. വടകരയുടെ ചരിത്രത്തിൽ താഴെ അങ്ങാടിക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇതുകൊണ്ടുതന്നെ താഴെഅങ്ങാടിയെ പൈതൃകനഗരമെന്ന നിലയിൽ നിലനിർത്താൻ കഴിയും വിധം പദ്ധതി ആവിഷ്കരിക്കുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. താഴെ അങ്ങാടിയെ പൈതൃക നഗരമാക്കേണ്ടതിന്റ ആവശ്യകത നേരത്തെ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇപ്പോൾ അനുവദിക്കപ്പെട്ട തുക ഉപയോഗിച്ച് ആദ്യഘട്ട പ്രവൃത്തികൾ പൂർത്തീകരിക്കും. വികസനത്തിന്റ ഭാഗമായി റോഡ് വീതികൂട്ടൽ ഉൾപ്പെടെ നടക്കേണ്ടതുണ്ട്.
മേഖലയിലെ റോഡുകൾ പലതും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന രീതിയിലുള്ളതാണ്. പ്രദേശത്തെ സ്ഥല, കെട്ടിട ഉടമകളുടെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയുമെല്ലാം സഹകരണത്തോടെ മാത്രമേ പ്രവൃത്തികൾക്ക് തുടക്കം കുറിക്കാൻ കഴിയൂവെന്നും പ്രദേശവാസികൾ ഒറ്റക്കെട്ടായി പദ്ധതി നടത്തിപ്പിന് ഒപ്പമുണ്ടാവണമെന്നും എം.എൽ.എ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായ തച്ചോളി മാണിക്കോത്ത് ക്ഷേത്രം എം.എൽ.എയും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
ടൂറിസം ജോയന്റ് ഡയറക്ടർ ഷാൻ, അശ്വിൻ, എൻ.പി. അബ്ദുല്ല ഹാജി, കൗൺസിലർ കെ.പി. ഷാഹിമ, ഫൈസൽ, കെ.പി. നജീബ്, ശറഫുദ്ദീൻ, നൗഷാദ് കല്ലറയിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.