എ.ഐ കാമറകൾ പണി തുടങ്ങി പരീക്ഷണത്തിനിടെയും നിരവധി പേരിൽനിന്നും പിഴയീടാക്കി
text_fieldsവടകര: എ.ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത കുറ്റകൃത്യങ്ങൾക്ക് പിഴയീടാക്കുന്നത് ബോധവത്കരണത്തിന് ശേഷമായിരിക്കുമെന്ന് മന്ത്രിതന്നെ പറയുമ്പോഴും പരീക്ഷണത്തിനിടെ നിരവധി പേരുടെ കീശ കാലിയായി. വടകര മേഖലയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കാമറകൾ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾക്കാണ് പിഴ ഒടുക്കേണ്ടിവന്നത്. പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്രചെയ്തവരാണ് കൂടുതലായും കാമറക്കണ്ണുകളിൽ കുടുങ്ങിയത്. വടകര നഗരത്തിലെ തിരക്കേറിയ ഭാഗമായ ബസ് സ്റ്റാൻഡ് പരിസരത്തെ കാമറയിലാണ് കൂടുതൽ പേർ കുടുങ്ങിയത്. വിഷു, റമദാൻ ആഘോഷങ്ങളുടെ ഭാഗമായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്താണ് പലരും കാമറ ‘പണി’ തുടങ്ങിയതറിയാതെ ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഹെൽമറ്റില്ലാതെ കുടുംബത്തെയടക്കം ഇരുത്തി യാത്രചെയ്ത് കുടുങ്ങിയത്. ഈ സമയങ്ങളിൽ ഗതാഗത വകുപ്പ് കാമറ പ്രവർത്തിക്കുന്ന കാര്യം പൊതുജനത്തെ അറിയിച്ചിരുന്നില്ല. കാമറകൾ ഒപ്പിയെടുത്ത മിഴിവാർന്ന ചിത്രങ്ങൾ മൊബൈലിൽ വന്നതോടെയാണ് പലരും കാര്യമറിയുന്നത്. ഓൺലൈൻ വഴി പണമടക്കാൻ ഇക്കഴിഞ്ഞ 12നാണ് നിരവധി പേർക്ക് നിർദേശം ലഭിച്ചത്. ഇതേതുടർന്ന് പിറ്റേന്നുതന്നെ പലരും പണമടച്ചു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തതടക്കം സകല ഗതാഗതക്കുറ്റങ്ങൾക്കും പിഴയടക്കാനായി മെസേജ് ലഭിച്ചു.
ജില്ലയിൽ 63 കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. വടകര താലൂക്കിൽ 15 സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
താലൂക്കിൽ മേപ്പയിൽ, സാന്റ് ബാങ്ക്സ് റോഡ്, പഴയ ബസ് സ്റ്റാൻഡ്, പെരുവാട്ടും താഴെ, തിരുവള്ളൂർ, ഓർക്കാട്ടേരി, എടച്ചേരി, വില്യാപ്പള്ളി, കുറ്റ്യാടി, തൊട്ടിൽപാലം പൈക്കളങ്ങാടി, കക്കട്ടിൽ, നാദാപുരം, ചേറ്റുവെട്ടി, കല്ലാച്ചി എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ കൂടി സ്ഥാപിക്കാനുള്ള നീക്കം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.