എസ്.എഫ്.ഐ വനിത നേതാവിനെ അക്രമിച്ച കേസിലെ പ്രതികളുടെ ബൈക്കുകൾ കത്തിച്ചു
text_fieldsവടകര: വയനാട് മേപ്പാടി പോളിടെക്നിക്കിൽ എസ്.എഫ്.ഐ വനിത നേതാവിനെ ആക്രമിച്ച കേസിലെ പ്രതികളുടെ ബൈക്ക് അഗ്നിക്കിരയാക്കി. വടകര വൈക്കിലശ്ശേരി റോഡിൽ നടേമ്മലാണ് സംഭവം.
ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് ബൈക്കുകൾ തീവെച്ച് നശിപ്പിച്ചത്. കിഴക്കേ തിരുവോത്ത് ശശീന്ദ്രന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ടു ബൈക്കുകൾ വീടിന് മുന്നിലെ റോഡിൽ കൊണ്ടുപോയി അഗ്നിക്കിരയാക്കുകയായിരുന്നു. ബൈക്ക് പൂർണമായും കത്തിനശിച്ചു.
ശശീന്ദ്രന്റെ മകൻ അതുലിന്റെയും സുഹൃത്ത് ഏറാമല സ്വദേശി കിരൺരാജിന്റെയും ബൈക്കുകളാണിവ. കെ.എസ്.യു പ്രവർത്തകരായ ഇരുവരും മേപ്പാടി പോളിടെക്‌നിക്കിലെ എസ്.എഫ്.ഐ വനിത നേതാവും ജില്ല വൈസ് പ്രസിഡന്റുമായ അപർണ ഗൗരിയെ ആക്രമിച്ച കേസിൽ റിമാൻഡിലാണ്.
സംഭവശേഷം രണ്ടുപേർ ഓടിരക്ഷപ്പെട്ടതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി. വടകര സി.ഐ പി.എം. മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലം സന്ദർശിച്ചു. ഡോഗ് സ്‌ക്വാഡ്, ഫോറൻസിക്, സയന്റിഫിക് വിദഗ്‌ധർ പരിശോധന നടത്തി. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.