കനാൽ തകർത്ത് വെള്ളമൊഴുക്കി; വൻ കൃഷിനാശം
text_fieldsവടകര: കനാൽ തകർത്ത് ചെരണ്ടത്തൂർ ചിറയിലേക്ക് വെള്ളമൊഴുക്കിയതിനെ തുടർന്ന് വൻ കൃഷിനാശം. 15 ഏക്കറിലധികം നെൽകൃഷി നശിച്ചു. അനധികൃതമായി കനാൽ തകർത്തതോടെ ആവശ്യത്തിലധികം വെള്ളം കൃഷിയിടത്തിലേക്ക് ഒഴുകിയതാണ് നെൽകൃഷി നശിക്കാനിടയാക്കിയത്.
തയ്യിൽ ബാലകൃഷ്ണ കുറുപ്പ്, തെക്കെ തയ്യിൽ കരീം, തയ്യിൽ സുരേഷ്, തയ്യിൽ അഭിലാഷ്, തെക്കെ തയ്യിൽ ഷംസുദ്ദീൻ തുടങ്ങിയവരുടെ കൃഷിയാണ് നശിച്ചത്. കതിരണിഞ്ഞ് വിളവെടുപ്പിന് പാകമായ നെൽകൃഷി നശിച്ചത് കർഷകർക്ക് ഇരുട്ടടിയായി.
എളമ്പിലാട് ചങ്ങരോത്ത് താഴ കനാലിന്റെ തെക്കയിൽ പറമ്പത്ത് താഴ വെച്ചാണ് ഒരു സംഘം കനാൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കീറി വെള്ളം നേരിട്ട് ചിറയിലേക്ക് ഒഴുക്കിയത്. തയ്യിൽ താഴ, പറമ്പത്ത് താഴ, വേന്തലിൽ താഴ തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്തേണ്ട കനാലാണിത്. കനാൽവെള്ളം തോടുകളിലെത്തിച്ച് ആവശ്യാനുസരണം കൃഷിയിടത്തിലേക്ക് മാറ്റുകയാണ് പതിവ്. കർഷകരുടെ യോഗം ചേർന്ന് അതിനുള്ള തീരുമാനവും എടുത്തിരുന്നു.
എന്നാൽ, പതിവിൽനിന്ന് വ്യത്യസ്തമായി ഒരു സംഘം കനാൽ പൊട്ടിച്ച് ചിറയിലേക്ക് വെള്ളമൊഴുക്കിയതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് കർഷകരുടെ പരാതി. മൂന്നു വർഷത്തിനുശേഷം കനാൽവെള്ളം കൃഷിക്ക് ലഭ്യമാക്കുമെന്ന അധികൃതരുടെ വാഗ്ദാനത്തിലും തോട്ടിൽനിന്നും വെള്ളം കൃഷിയിടത്തിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലുമാണ് ഇത്തവണ പലരും കൃഷിയിറക്കിയത്. കനാൽ തകർത്തതോടെ പ്രതീക്ഷകൾ തെറ്റി. നെൽകൃഷി നശിച്ചതോടെ കനത്ത നഷ്ടമാണ് കർഷകർക്കുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.