സ്റ്റേഷനിൽ പരാതിയുമായെത്തിയ യുവതിയെ എസ്.ഐ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്ന് പരാതി
text_fieldsവടകര: എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ യുവതിയെ എസ്.ഐ പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നും കുടുംബം തകർന്നെന്നും ഭർത്താവിന്റെ പരാതി. എടച്ചേരി സ്റ്റേഷനിലെ മുൻ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂർ മേഖല റേഞ്ച് ഐ.ജിക്കും ഡി.ജി.പിക്കും പരാതി നൽകിയതായി യുവതിയുടെ ഭർത്താവ് നിജേഷ് കണ്ടിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രായപൂർത്തിയാവാത്ത രണ്ടു പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന് ജീവിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാകണമെന്നും നിജേഷ് ആവശ്യപ്പെട്ടു. വടകര ഡിവൈ.എസ്.പിക്ക് ഇതുസംബന്ധിച്ച് നൽകിയ പരാതിയെത്തുടർന്ന് എസ്.ഐയെ കൽപറ്റയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനുശേഷവും ബന്ധം തുടർന്നു. തന്റെ രണ്ടു പെൺമക്കൾ സംസ്ഥാന ബാലാവകാശ കമീഷന് പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല.
എടച്ചേരിയിൽനിന്ന് സ്ഥലം മാറിപ്പോയിട്ടും തനിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥൻ ഫോണിലൂടെ വധഭീഷണി മുഴക്കുകയാണെന്നും നിജേഷ് ആരോപിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനുപുറമെയാണ് കണ്ണൂർ റേഞ്ച് ഐ.ജിക്ക് പരാതി നൽകിയതെന്ന് നിജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.