പൂവാടൻ ഗേറ്റ് അടിപ്പാത നിര്മാണംപൂർത്തിയായില്ല; ഒമ്പതിന് സായാഹ്ന ധർണ
text_fieldsവടകര: പൂവാടൻ ഗേറ്റ് അടിപ്പാത പ്രവൃത്തി പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന്. നവംബർ ഒമ്പതിന് സായാഹ്ന ധർണ നടത്തും. ആറു മാസംകൊണ്ട് ചെയ്തുതീര്‍ക്കേണ്ട പ്രവൃത്തിയാണ് രണ്ടര വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കിടക്കുന്നത്.
ഒക്ടോബര്‍ 31നുള്ളില്‍ അടിപ്പാത ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്നാണ് കഴിഞ്ഞ ഏപ്രിലില്‍ റെയില്‍വേ അധികൃതര്‍ നാട്ടുകാർക്ക് ഉറപ്പ് നൽകിയത്. എന്നാല്‍, പ്രവൃത്തി എങ്ങുമെത്തിയില്ല. ഇരുഭാഗത്തെയും അപ്രോച്ച് റോഡ് പണി ബാക്കി കിടക്കുകയാണ്.
ആവിക്കല്‍, കുരിയാടി, കസ്റ്റംസ് റോഡ് പ്രദേശത്തുകാര്‍ പെരുവാട്ടുംതാഴ, വീരഞ്ചേരി വഴി വിവിധ പ്രദേശങ്ങളിലേക്ക് പോകാന്‍ ആശ്രയിക്കുന്ന റോഡാണ് അടിപ്പാത നിര്‍മാണംമൂലം നിശ്ചലമായത്. ആശുപത്രികള്‍, ആരാധനാലയങ്ങള്‍, തൊഴിലിടങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ബന്ധു വീടുകള്‍ എന്നിവിടങ്ങളിലെല്ലാം എത്തിപ്പെടേണ്ടവര്‍ ഏറെ ദൂരം താണ്ടിയാണ് ഇപ്പോള്‍ ലക്ഷ്യത്തിലെത്തുന്നത്. പെരുവാട്ടുംതാഴ ഭാഗത്തുള്ളവരും ഏറെ ബുദ്ധിമുട്ടുകയാണ്. ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് പൂവാടൻ ഗേറ്റ് വഴി ഇരുഭാഗത്തേക്കുമായി കടന്നുപോയിരുന്നത്.
റോഡിനാവട്ടെ, ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അടിപ്പാത പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നില്ല.
ലെവല്‍ക്രോസ് അടച്ചുപൂട്ടുന്നതിനു വേണ്ടി അടിപ്പാത നിര്‍മിക്കാന്‍ റെയില്‍വേ മുന്നോട്ടുവരുകയായിരുന്നു. അടിപ്പാതക്ക് അനുയോജ്യമായ സ്ഥലമാണോയെന്ന് വിദഗ്ധ പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയാറായിരുന്നില്ല.
വേനലിലും വെള്ളം നില്ക്കുന്ന പ്രദേശത്താണ് അടിപ്പാതക്കായി മണ്ണ് നീക്കിയതും പ്രവൃത്തിയുമായി മുന്നോട്ടുപോകുന്നതും. രണ്ടര വര്‍ഷമായിട്ടും അടിപ്പാത പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സാധിച്ചില്ല. 2021 മാര്‍ച്ച് 31നാണ് ലെവല്‍ക്രോസ് അടച്ചതും റോഡില്‍ വലിയ രൂപത്തില്‍ കുഴിയുണ്ടാക്കി മണ്ണ് റോഡില്‍ തന്നെ തള്ളി കരാറുകാരന് പണി തുടങ്ങിയത്. നിര്‍മാണത്തിലിരിക്കുന്ന അടിപ്പാതയുടെ സമീപത്തുകൂടി നടന്നുപോകാനുള്ള സൗകര്യമടക്കം ഇല്ലാതാക്കിയ അവസ്ഥയാണ്. തൊട്ടടുത്ത വീട്ടിലേക്കുള്ള വഴി മുടങ്ങിയതോടെ കുടുംബം തീരാദുരിതത്തിലാണ്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 29ന് വൈകീട്ട് മൂന്ന് മണിക്ക് പൂവാടൻ ഗേറ്റിന് സമീപം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സായാഹ്ന ധര്‍ണ നടത്തുന്നത്. കെ.കെ. രമ എം. എല്‍. എ .ധര്‍ണ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.