അശരണരെ അത്താഴം ഊട്ടിയും നോമ്പ് തുറപ്പിച്ചും അത്താഴക്കമ്മിറ്റി
text_fieldsവടകര: രണ്ടാം ലോക യുദ്ധകാലത്ത് ദാരിദ്ര്യത്തിെൻറ പടുകുഴിയിലായ അശരണരായ ഒരുജനതയെ അത്താഴം ഊട്ടിയതിെൻറയും നോമ്പ് തുറപ്പിച്ചതിെൻറയും ചരിത്രം പറയാനുണ്ട് ഇവിടെ ഒരു അത്താഴക്കമ്മിറ്റിക്ക്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് 1928ൽ രൂപംകൊണ്ട വടകര താഴെ അങ്ങാടി അത്താഴക്കമ്മിറ്റിയാണ് കാലംമാറിയിട്ടും പൂർവികർ പിന്തുടർന്ന പാതയിലൂടെ പതിറ്റാണ്ടുകളായി പ്രയാണം തുടരുന്നത്.
വലിയ ജുമാമസ്ജിദിൽ എത്തുന്ന അശരണരായ ഇതരനാട്ടുകാർക്ക് റമദാൻ നാളുകളിൽ അത്താഴമൊരുക്കിയായിരുന്നു അത്താഴക്കമ്മിറ്റിയുടെ തുടക്കം. പിന്നീട് ക്ഷാമകാലത്തും യുദ്ധകാലത്തും വരെ അത്താഴക്കമ്മിറ്റി സാന്ത്വനത്തിെൻറ തണലായി. ഒമ്പത് പതിറ്റാണ്ടിെൻറ നിറവിൽ നിൽക്കുമ്പോഴും പഴയ പ്രതാപത്തിന് കോട്ടംതട്ടാതെ ഇന്നും മുന്നേറുകയാണ്. തലശ്ശേരിയിൽനിന്ന് അരിയും മൈദയും കാൽനടയായി എത്തിച്ചായിരുന്നു അശരണർക്ക് താങ്ങായത്. പട്ടിണിയും ദാരിദ്ര്യവും നാടിനെ വേട്ടയാടിയ കാലമായിരുന്നു അത്. റമദാന് കാലത്ത് നോമ്പുതുറക്കും അത്താഴത്തിനും വകയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന പാവങ്ങള്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ സംരംഭം. ഇതോടെ ദേശത്തിെൻറ നാനാഭാഗങ്ങളിലേക്കും താഴെ അങ്ങാടി മാതൃകയിൽ കമ്മിറ്റികൾ രൂപംകൊണ്ട് സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. പഴയത് തുടരുന്നതിനൊപ്പം വടകര ജില്ല ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ വിഭവങ്ങളും അത്താഴവും എത്തിക്കുക പതിവാണ്. അത്താഴക്കമ്മിറ്റിയുടെ സ്വന്തം പാചകപ്പുരയിൽനിന്ന് തയാറാക്കിയാണ് ഭക്ഷണം വിതരണം നടത്തുന്നത്. ആയിരങ്ങൾക്കാണ് റമദാൻ നാളുകളിൽ ഇവിടെനിന്ന് ആശ്വാസമേകുന്നത്. സുമനസ്സുകൾ നൽകുന്ന സംഭാവനകളും ഭക്ഷ്യവസ്തുക്കളുമാണ് അത്താഴക്കമ്മിറ്റിയുടെ പ്രയാണത്തിന് മുതൽക്കൂട്ടാവുന്നത്.
കോവിഡിൽ അത്താഴത്തിന് ആളുകൾക്ക് എത്തിച്ചേരാൻ കഴിയാത്തതിനാൽ നേരിട്ട് നൽകേണ്ട അവസ്ഥയാണ്. ആവശ്യക്കാരും ഏറെയാണ്. അത്താഴവിതരണത്തിന് ആവശ്യമായ സേവനങ്ങള്‍ ചെയ്തുവരുന്നത് അന്‍സാര്‍, മുകച്ചേരി, സി. ഉെബെദുമാണ്. വി. ആസിഫാണ് ആശുപത്രിയിലേക്ക് ഭക്ഷണം എത്തിക്കുന്നത്.
വി. ഇസ്മായില്‍ ഹാജി (പ്രസി), കെ. മൊയ്തു (സെക്ര), എ.പി. മഹമൂദ്ഹാജി (ട്രഷ), ടി.എന്‍. അബ്ദുനൂര്‍ (ജോ. സെക്ര), പി.പി. അബ്ദുറഹ്മമാൻ, പി.സി. അബ്ദുൽ മജീദ് ഹാജി, സി.കെ. അമീർ , എ.പി. മുസ്തഫ, സി. മായൻകുട്ടി (എക്സി. അംഗങ്ങൾ) എന്നിവരാണ് അത്താഴക്കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.