സ്വകാര്യ ആശുപത്രികൾ ശരണം; ജില്ല ആശുപത്രിയിൽ രക്തഘടകങ്ങൾ തരംതിരിക്കാനുള്ള സൗകര്യമില്ല
text_fieldsവടകര: രക്തഘടകങ്ങൾ വേർതിരിച്ച് നൽകാൻ ജില്ല ആശുപത്രിയിൽ സൗകര്യമില്ല. ഇതോടെ രോഗികൾ ഈ ആവശ്യത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. പ്ലാസ്മ, ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ് ലെറ്റുകള്‍ തുടങ്ങിയ പല രക്തഘടകങ്ങളിൽ രോഗികള്‍ക്ക് ഏതാണോ ആവശ്യം അവ വേർതിരിച്ച് നല്‍കേണ്ടതുണ്ട്.
രക്തബാങ്കുകളോട് ചേർന്ന് സ്ഥാപിക്കേണ്ട ലാബിനാവശ്യമായ ഉപകരണങ്ങൾ ജില്ല ആശുപത്രിയിൽ ഉണ്ടെങ്കിലും സ്ഥാപിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. രക്തഘടകങ്ങൾ വേർതിരിച്ചെടുക്കാൻ സ്വകാര്യ ആശുപത്രികളിൽ സാധാരണക്കാരന് താങ്ങാൻപറ്റാത്ത പണമാണ് ഈടാക്കുന്നത്.
തലശ്ശേരി താലൂക്ക് ആശുപത്രിയിലാണ് സർക്കാർ മേഖലയിൽ സംവിധാനമുള്ളത്. മേഖലയിലെ സാധാരണക്കാരായ രോഗികൾക്ക് തലശ്ശേരിയിൽ പോകേണ്ട സ്ഥിതിയാണുള്ളത്. ജില്ല ആശുപത്രിയിൽ ഉപകരണങ്ങൾ ഉണ്ടായിട്ടും രോഗികൾക്ക് ആശ്വാസം നൽകാൻ കഴിയാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
മലയോരമേഖലയിലേതടക്കം നൂറുകണക്കിന് രോഗികൾക്ക് ആശ്രയമാകേണ്ട ആശുപത്രി രോഗശയ്യയിലേക്ക് നീങ്ങുന്നതിൽ കടുത്ത വിമർശനമാണുയരുന്നത്. പത്തോളജിസ്റ്റിനെ ആശുപത്രിയിൽ നിയമിച്ചിട്ടുണ്ടെന്നും സംവിധാനമൊരുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.