മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചു കയറി തകർന്നു; തൊഴിലാളികൾ രക്ഷപ്പെട്ടു
text_fieldsവടകര: മത്സ്യബന്ധനത്തിനിടെ നിയന്ത്രണംവിട്ട് കരയിലേക്കിടിച്ചുകയറിയ ബോട്ട് തകർന്നു. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടകര താഴെ അങ്ങാടിയിൽ (ആട്മുക്ക്) ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. തലശ്ശേരി തലായി പുന്നോൽ സ്വദേശി ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തകർന്നത്.
ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ ഫാനിൽ വലയും കയറും കുടുങ്ങി നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോട്ടിന്റെ അടിഭാഗം മണലിൽ പുതഞ്ഞ നിലയിലായിരുന്നു.
ഇതിനാൽ മത്സ്യത്തൊഴിലാളികൾ ഏറെ പണിപ്പെട്ടിട്ടും ബോട്ട് കടലിലേക്ക് നീക്കാൻ കഴിഞ്ഞില്ല. പിന്നീട് തിരമാലകളടിച്ചുകയറി ബോട്ട് പൂർണമായും തകർന്നു. കരയിലെ മണലിൽ അകപ്പെട്ട വിവരം കോസ്റ്റൽ പൊലീസിനെ അറിയിച്ചെങ്കിലും രക്ഷപ്പെടുത്താൻ നടപടികളുണ്ടാവാതിരുന്നതാണ് പൂർണമായും ബോട്ട് തകരാനിടയാക്കിയതെന്ന് ബോട്ടിലുള്ളവർ പറഞ്ഞു. ഒഡിഷ സ്വദേശികളായ അഞ്ചുപേരാണ് സംഭവം നടക്കുമ്പോൾ ബോട്ടിലുണ്ടായിരുന്നത്.
പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്ന ബോട്ടിലെ സാധനങ്ങൾ പൂർണമായും നീക്കാൻ കഴിഞ്ഞില്ല. കരയിലെത്തിയ ബോട്ട് രക്ഷപ്പെടുത്താൻ നടപടി സ്വീകരിക്കാത്ത കോസ്റ്റൽ പൊലീസിന്റെ നടപടിയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.