ലൈറ്റുകൾ കത്തുന്നില്ല; ഇരുൾ മൂടി വടകര പുതിയ ബസ് സ്റ്റാൻഡ്
text_fieldsവടകര: വടകര പുതിയ ബസ് സ്റ്റാൻഡ് സന്ധ്യ മയങ്ങുന്നതോടെ ഇരുൾ മൂടുന്നു. സ്റ്റാൻഡിലെ ലൈറ്റുകൾ പലതും കത്തുന്നില്ല. ഇത് സാമൂഹിക വിരുദ്ധർക്ക് സൗകര്യമാവുകയാണ്. കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള റൂട്ടുകളിലെ ദീർഘദൂര ബസുകൾ നിർത്തുന്ന ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റുകളിൽ നാലെണ്ണം കണ്ണടച്ചിട്ട് കാലമേറെയായി.
ഒരെണ്ണം മാത്രമാണ് കത്തുന്നത്. ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെ സ്റ്റാൻഡിൽ വെളിച്ചമില്ലാത്ത അവസ്ഥയാണ്. ബസ് സ്റ്റാൻഡിന്റെ അരികുകളിൽ സ്ഥാപിച്ച ലൈറ്റുകളിൽ ചുരുക്കം മാത്രമാണ് കത്തുന്നത്.
സ്റ്റാൻഡിനകത്തുള്ള ലൈറ്റുകളിലും പലതും കണ്ണടച്ചിട്ടുണ്ട്. സ്റ്റാൻഡിനകത്തെ സ്റ്റാളുകൾ പൂട്ടുന്നതോടെ ഒരു ഭാഗത്ത് കൂരിരുട്ടാണ്. സന്ധ്യമയങ്ങുന്നതോടെ മദ്യപർ ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധർ സ്റ്റാൻഡ് കൈയടക്കുകയാണ്. ബസുകളിൽനിന്ന് ഡീസൽ, ബാറ്ററി ഉൾപ്പെടെ നഷ്ടമാവുന്നതും പതിവായിട്ടുണ്ട്.
കാലവർഷമായതോടെ ബസ് സ്റ്റാൻഡിന്റെ പല ഭാഗങ്ങളിലും ചോർച്ചയുമുണ്ട്. മുൻഭാഗത്ത് കുടുംബശ്രീ ഉൽപന്നങ്ങൾ വിൽക്കുന്ന ഭാഗത്ത് ടാർപോളിൻ കെട്ടിയാണ് കച്ചവടം നടക്കുന്നത്. പുതിയ പദ്ധതികൾക്ക് രൂപം നൽകിയെങ്കിലും കടലാസിലുറങ്ങുകയാണ്. സ്റ്റാൻഡിൽ പൊലീസിന്റെ രാത്രികാല പരിശോധന പേരിലൊതുങ്ങുകയാണെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.