ദേശീയപാത വെള്ളക്കെട്ടിൽ മൂടുന്നു
text_fieldsവടകര: ദേശീയപാത മഴയുടെ തുടക്കത്തിൽതന്നെ വെള്ളക്കെട്ടിൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ദേശീയപാതയുടെ മിക്ക ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പലയിടത്തും വൻ കുഴികളെടുത്തിട്ടുണ്ട്.
കൂടാതെ പാത വീതികൂട്ടുന്നതിന്റെ ഭാഗമായി മണ്ണെടുക്കുകയുമുണ്ടായി. ഇത്തരം കുഴികളിൽ വെള്ളം നിറഞ്ഞാണ് അപകടക്കുരുക്കായി മാറിയത്. കാലവർഷത്തിനുമുമ്പ് ഇത്തരം കുഴികൾക്ക് സുരക്ഷയൊരുക്കുകയും വെള്ളം നിറയാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കുകയും ചെയ്തില്ലെങ്കിൽ അപകടം വിളിച്ചുവരുത്തും. പുതുപ്പണം പാലോളിപ്പാലത്ത് റോഡരികിൽ വെള്ളം നിറഞ്ഞ് ദേശീയപാതയിലേക്ക് പരക്കുന്ന സ്ഥിതിയായിരുന്നു.
അഴിയൂർ റീച്ചിൽ വെള്ളക്കെട്ടിൽ ദേശീയ പാതയോരത്തെ താമസക്കാരും ആശങ്കയിലാണ്. ഏതൊക്കെ ഭാഗങ്ങളിലൂടെ വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തുമെന്ന് യാതൊരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ്. വടകര പുതിയ സ്റ്റാൻഡിനോടുചേർന്ന് മേൽപാലത്തിന്റെ പണി പുരോഗമിക്കുകയാണ്. ഈ ഭാഗങ്ങളിൽ നേരത്തെ കാലവർഷത്തിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിരുന്നു.
റോഡ് പലയിടങ്ങളിലും ഉഴുതുമറിച്ചത് ദീർഘദൂര യാത്രക്കാരെ വലക്കുന്നുണ്ട്. വേണ്ടത്ര ദിശാ സൂചകങ്ങൾ ദേശീയപാതയിൽ ഒരിടത്തുമില്ല. കനത്ത മഴകൂടി ആവുമ്പോൾ വഴിയറിയാത്ത സ്ഥിതിവിശേഷമാണുള്ളത്. കാലവർഷത്തിനു മുമ്പ് വെള്ളക്കെട്ടിനും സുഗമമായ യാത്രക്കും സൗകര്യമൊരുക്കണമെന്ന് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.