പഴയ ബസ് സ്റ്റാൻഡ് കെട്ടിടം ജീർണാവസ്ഥയിൽ; കോട്ടപറമ്പ് നവീകരണം കടലാസിൽ
text_fieldsവടകര: ഒരുകാലത്ത് വടകരയുടെ വ്യാപാര സിരാകേന്ദ്രമായി തലയുയർത്തി നിന്ന കോട്ടപറമ്പും ബസ് സ്റ്റാൻഡും ഇന്ന് പ്രതാപം മങ്ങി ആളും ആരവവുമില്ലാതെ കിടക്കുകയാണ്.
എന്നാൽ, പ്രതാപം മങ്ങിയ കോട്ടപറമ്പിന്റെ നവീകരണവും ജീർണാവസ്ഥയിലുള്ള പഴയ സ്റ്റാൻഡും നവീകരിക്കാൻ പദ്ധതികൾ തയാറാക്കിയെങ്കിലും കടലാസിലൊതുങ്ങുകയാണ്. പഴയ സ്റ്റാൻഡ് കെട്ടിടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ അടർന്ന് വീഴാൻ തുടങ്ങി. യാത്രക്കാർ പലപ്പോഴും കോൺക്രീറ്റ് പാളികളിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. അടുത്തകാലത്ത് ചോർന്നൊലിക്കുന്ന കെട്ടിടം മേൽക്കൂര പണിത് സംരക്ഷിച്ച് നിർത്തുകയാണ്. ബസുകൾ നിർത്തിയിടുന്ന ഭാഗത്തെ അഴുക്കുചാലിന്റെ കോൺക്രീറ്റ് ഭാഗം തകർന്ന് വർഷങ്ങളായിട്ടും മാറ്റിസ്ഥാപിക്കാൻ നടപടികളുണ്ടായിട്ടില്ല. യാത്രക്കാർ കോൺക്രീറ്റ് ഭാഗങ്ങളിൽ ചവിട്ടി അപകടത്തിൽപെടുന്നത് പതിവാണ്. കോട്ടപറമ്പ് നവീകരണത്തിന് ഫണ്ട് കണ്ടെത്തി ബസ് സ്റ്റാൻഡടക്കം പുതുക്കിപ്പണിയണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയാണ്.
നഗരസഭ പല പദ്ധതികളും ആസൂത്രണം ചെയ്ത് വിജയിപ്പിക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൻ പിന്നാക്കം പോകുകയാണെന്ന വിമർശനം ഉയരുന്നുണ്ട്.
കോട്ടപറമ്പിലെ നിശ്ചലമായ വ്യാപാരമേഖലക്ക് ഉണർവ് ലഭിക്കണമെങ്കിൽ ബസ് സ്റ്റാൻഡും അനുബന്ധ കെട്ടിടങ്ങളുടെ നവീകരണവും അത്യന്താപേക്ഷിതമാണ്. ബസ് സ്റ്റാൻഡ് നവീകരണം വഴി ലിങ്ക് റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.