ഖരമാലിന്യ സംസ്കരണ പദ്ധതി ശക്തമാക്കും; വടകരക്ക് അനുവദിച്ചത് 13.50 കോടി
text_fieldsവടകര: ഖരമാലിന്യ പരിപാലനം കുറ്റമറ്റതാക്കാൻ വടകര നഗരസഭ ഒരുങ്ങുന്നു. സംസ്ഥാനത്ത് നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലോക ബാങ്ക് സാമ്പത്തിക സഹായം ഉപയോഗിച്ച് കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെയാണ് വടകരയിലും പദ്ധതി ആവിഷ്കരിക്കുന്നത്.
ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഖരമാലിന്യ പരിപാലന രംഗത്തെ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും സമഗ്രമായ പരിഹാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. നഗരങ്ങളിലെ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആധുനിക ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ 13.50 കോടി രൂപയാണ് നഗരസഭക്ക് അനുവദിച്ചത്. ജൈവ മാലിന്യ സംസ്കരണ സംവിധാനം, അജൈവ മാലിന്യ സംസ്കരണ സംവിധാനം, സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനം, കൺസ്ട്രക്ഷൻ ആൻഡ് ഡെമോളിഷൻ വേസ്റ്റ് സംസ്കരണ സംവിധാനം, പുതിയാപ്പ് ട്രെഞ്ചിങ് ഗ്രൗണ്ടിൽ ബയോമൈനിങ് പ്രവൃത്തി, നിലവിലുള്ള സംവിധാനങ്ങളുടെ വിപുലീകരണം തുടങ്ങിയവയാണ് നഗരസഭയിൽ നടപ്പിലാക്കുക.
നഗരസഭയിലെ മാലിന്യ സംസ്കരണത്തിലെ കുറവുകൾ കണ്ടെത്തി പരിഹരിക്കാനുള്ള മാർഗങ്ങളും അടുത്ത അഞ്ചുവർഷംകൊണ്ട് നഗരസഭയിൽ നടപ്പിൽ വരുത്തേണ്ട പദ്ധതികളും ഉൾപ്പെടുത്തിയിട്ടുള്ള ഖരമാലിന്യ പരിപാലന രൂപരേഖ ടെക്നിക്കൽ സപ്പോർട്ട് കൺസൽട്ടൻസി എൻവയോൺമെൻറ് എക്സ്പെർട്ട് പി.വി. സുരേഷ് കുമാർ അവതരിപ്പിച്ചു. ഖരമാലിന്യ പരിപാലന പ്ലാൻ രൂപവത്കരണത്തോടനുബന്ധിച്ചുള്ള പോസ്റ്റ് സ്റ്റേക്ക് ഹോൾഡർ കൺസൾട്ടേഷൻ യോഗം വടകര മുനിസിപ്പാലിറ്റിയിൽ നടന്നു.
യോഗം നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, നവകേരളം ഡിസ്ട്രിക്ട് കോഓഡിനേറ്റർ മണലിൽ മോഹനൻ, കെ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.