ട്രാഫിക് സിഗ്നൽ മിഴിയടച്ചു; നഗരത്തിൽ അപകടക്കാഴ്ച
text_fieldsവടകര: ദേശീയപാതയിൽ നഗരഹൃദയത്തിൽ ട്രാഫിക് സിഗ്നലുകൾ മിഴിയടച്ചു. പുതിയ സ്റ്റാൻഡ് ജങ്ഷനിലെ സിഗ്നൽ നിലച്ചിട്ട് ആഴ്ച പിന്നിട്ടു. ഇതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങുമാണ് പോകുന്നത്. അപകടം ഒഴിവാകുന്നത് തലനാരിഴക്കാണ്. ദേശീയപാത മുറിച്ചുകടക്കാനാവാതെ കാൽനടയാത്രികർ ഉൾപ്പെടെയുള്ളവർ പ്രയാസത്തിലാണ്.
വില്യാപ്പള്ളി, മേമുണ്ട, ആയഞ്ചേരി, തിരുവള്ളൂർ ഭാഗങ്ങളിലേക്ക് പുതിയ സ്റ്റാൻഡിൽനിന്ന് കടക്കുന്ന വാഹനങ്ങളും ദേശീയപാത വഴി കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്ക് വാഹനങ്ങൾ നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നത് അപകടസാധ്യത വർധിച്ചു.
ദീർഘദൂര ബസുകളുടെ മത്സര ഓട്ടത്തിൽനിന്നും ചെറിയ വാഹനങ്ങൾ തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. സിഗ്നൽ പ്രവർത്തനസമയത്ത് ട്രാഫിക് ഡ്യൂട്ടിയിൽ ആളുണ്ടാകാറുണ്ടെങ്കിലും പ്രവർത്തനം നിലച്ചതോടെ ഗതാഗതം നിയന്ത്രിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്.
ട്രാഫിക് നിയന്ത്രണത്തിനായി ഇവിടെ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് പൊതു ആവശ്യം. ദേശീയപാത വികസനത്തിന്റെ ഭാഗമായി അടക്കാത്തെരു ജങ്ഷനിലും കൈനാട്ടി ജങ്ഷനിലും സിഗ്നലുകൾ നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഇവിടങ്ങളിൽ അപകടം തുടർക്കഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.