അംഗൻവാടി പരിസരത്ത് കാട്ടുപന്നിയിറങ്ങിയത് ഭീതിപടർത്തി
text_fieldsവടകര: പുതിയാപ്പിലെ നഗരസഭ ഷീ ലോഡ്ജിനു സമീപത്തെ അംഗൻവാടി പരിസരത്തേക്ക് കാട്ടുപന്നി ചാടിക്കയറിയത് പരിഭ്രാന്തിയിലാക്കി. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. അംഗൻവാടി അധ്യാപികയാണ് കാട്ടുപന്നിയെ കണ്ടത്. അംഗൻവാടി മതിൽ ചാടിക്കടന്ന പന്നി ജല അതോറിറ്റിയുടെ കാടുപിടിച്ച സ്ഥലത്തേക്ക് ഓടിമറഞ്ഞു.
ഈ സമയം അംഗൻവാടിയിൽ നിരവധി കുട്ടികൾ ഉണ്ടായിരുന്നു. അധ്യാപിക വാതിലടച്ച് അകത്തിരുന്ന് ഉച്ചക്ക് 12 മണിയോടെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു സ്ഥലത്തെത്തി ഷീ ലോഡ്ജിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കാട്ടുപന്നിയാണെന്ന് സ്ഥിരീകരിച്ചത്. നഗരസഭ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വൈകീട്ട് നാലരയോടെ കുറ്റ്യാടി വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാൽപാടുകൾ പരിശോധിച്ചു.
കാട്ടുപന്നിയെ വെടിവെക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും സ്വന്തമായി തോക്കിന് ലൈസൻസുള്ളവർ കുറവായതും നടപടിക്രമങ്ങൾ പാലിക്കാൻകഴിയാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.