വടകര പഴയ സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റിൽ പൊലീസില്ല; ബസ് ജീവനക്കാർ ഏറ്റുമുട്ടുന്നത് പതിവാകുന്നു
text_fieldsവടകര: എയ്ഡ് പോസ്റ്റിൽ പൊലീസില്ല, പഴയ സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം പതിവാകുന്നു. സമയക്രമത്തെ ചൊല്ലിയും വിദ്യാർഥികളെ ബസിൽ കയറ്റുന്നതിനെ ചൊല്ലിയുമാണ് സംഘർഷം. ബസ് ജീവനക്കാർ തമ്മിൽ ചേരിതിരിഞ്ഞ് പോർവിളിയുമായി രംഗത്തുവരുന്നതോടെ സ്റ്റാൻഡ് സംഘർഷകേന്ദ്രമായി മാറുകയാണ്. ഇതിനിടെ യാത്രക്കാരായി എത്തുന്ന സ്ത്രീകളും കുട്ടികളടക്കമുള്ളവർ സ്റ്റാൻഡിൽ ഭീതിയോടെ നിൽക്കുന്ന കാഴ്ചയാണുള്ളത്.
ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തിൽ പുറത്തുനിന്നുള്ള ഇടപെടലുകൾകൂടി ആവുന്നതോടെ കൈയാങ്കളിയിലേക്കാണ് എത്തുന്നത്. സ്റ്റാൻഡിൽ വൈകിട്ട് തിരക്കേറിയ സമയത്താണ് ജീവനക്കാർ കൊമ്പുകോർക്കുന്നത്. എയ്ഡ് പോസ്റ്റിൽ ഈ സമയങ്ങളിൽ പലപ്പോഴും പൊലീസ് ഉണ്ടാവാറില്ല. ഇത് സംഘർഷത്തിന് വഴിവെക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് ഏറെ നേരം സ്റ്റാൻഡിൽ പോർവിളിയും കൈയാങ്കളിയും ഉണ്ടായി. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും പതിവ് സംഭവമെന്ന നിലയിൽ തിരിച്ചുപോകുകയാണ് ഉണ്ടായത്. ബസ് സ്റ്റാൻഡിൽ സമയക്രമത്തെ ചൊല്ലിയുള്ള വാക്കേറ്റവും സംഘർഷവും തടയണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.