തണലൊഴിഞ്ഞ് വടകര റെയിൽവേ സ്റ്റേഷൻ
text_fieldsവടകര: തണലൊഴിഞ്ഞ് വടകര റെയിൽവേ സ്റ്റേഷൻ പരിസരം; കോടാലി കാത്ത് അവസാന മരവും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസനത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മരങ്ങൾ പൂർണമായി മുറിച്ചുമാറ്റി. ഒരു പന മാത്രമാണ് കോടാലി കാത്ത് കിടക്കുന്നത്. ഇതുകൂടി മുറിച്ചുമാറ്റുന്നതോടെ പതിറ്റാണ്ടുകളായി യാത്രക്കാർക്ക് തണലേകിയ മരങ്ങൾ ഓർമയാകും.
അമ്പതിലധികം തണൽ മരങ്ങളാണ് സ്റ്റേഷൻ പരിസരത്തുനിന്ന് മുറിച്ചുമാറ്റിയത്. യാത്രക്കാർക്ക് പുറമെ ഓട്ടോ, ടാക്സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവക്കും തണലേകിയ മരമുത്തശ്ശിമാർ വരെ ഓർമയായി. നേരത്തേ വടകര റെയിൽവേ സ്റ്റേഷൻ ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീതി ഉയർത്തിയിരുന്നു. സ്റ്റേഷൻ മുറ്റത്തുതന്നെ കുളവും തണലൊരുക്കി ധാരാളം മരങ്ങളുമൊക്കെയായി കാഴ്ചക്ക് ഏറെ ഭംഗി നിലനിന്നിരുന്നു.
റെയിൽവേ സ്റ്റേഷനോടു ചേർന്ന് ബാക്കിയായുള്ളത് കണ്ടൽക്കാടുകളാണ്. കണ്ടൽക്കാടുകളാകട്ടെ, മാലിന്യം വലിച്ചെറിയാനുള്ള ഇടമാക്കിയിട്ടുണ്ട്. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിലും പാതിവഴിയിൽ നിലച്ച സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബ്രിട്ടീഷുകാരുടെ കാലത്ത് പണിത കുടിവെള്ള ടാങ്ക് മാത്രമാണ് പൊളിച്ചുനീക്കാനുള്ളത്. കാലം ടാങ്കിന് ഒരു പരിക്കും ഏൽപിച്ചിട്ടില്ല. കേടുപാടില്ലാത്ത ടാങ്ക് നിലനിർത്താനാണ് ശ്രമം.
21.66 കോടിയുടെ നവീകരണ പ്രവൃത്തിയാണ് സ്റ്റേഷൻ കേന്ദ്രീകരിച്ച് നടക്കുന്നത്. പാർക്കിങ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മരങ്ങൾക്ക് കോടാലി വീണത്. വികസനത്തോടൊപ്പം മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം വെച്ചുപിടിപ്പിച്ച് പഴയ തണലൊരുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.