എസ്.ഐ പദവി മടുത്തു; കിരൺ ഇനി ഹവിൽദാർ
text_fieldsവടകര: ഹവിൽദാർ ആയിരിക്കെ പരീക്ഷ എഴുതി സബ് ഇൻസ്പെക്ടർ കുപ്പായത്തിലേക്ക് സ്ഥാനക്കയറ്റം നേടിയ ഉദ്യോഗസ്ഥൻ ഒടുവിൽ പഴയ തസ്തിക തന്നെ മതിയെന്നു നിശ്ചയിച്ചു. എടച്ചേരി എസ്.ഐ വി.കെ. കിരൺ ആണ് യുവാക്കളുടെ അഭിമാന ജോലിയായ എസ്.ഐ കുപ്പായം അഴിച്ചുവെച്ച് പഴയ ഹവിൽദാർ കുപ്പായമണിഞ്ഞത്. 2009ലാണ് കിരൺ തിരുവനന്തപുരം എസ്.എ.പിയിൽ ഹവിൽദാറായി ജോലിയിൽ കയറിയത്.
പിന്നീട് എസ്.ഐ പരീക്ഷ പാസായി സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു. പരിശീലനം പൂർത്തിയാക്കി വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച കിരൺ എടച്ചേരി പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നതിനിടെയാണ് എസ്.ഐ പദവി വേണ്ടെന്നുവെച്ച് പഴയ ഹവിൽദാർ തസ്തികയിലേക്ക് മടങ്ങുന്നത്.
ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ല പൊലീസ് മേധാവി ഉത്തരവിറക്കി. 2013ൽ പരിഷ്കരിച്ച കേരള സർവിസ് റൂളിലെ പ്രത്യേക ചട്ടം അനുസരിച്ചാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സമ്മർദമാണ് തിരിച്ചുപോക്കിൽ കലാശിച്ചതെന്നാണ് അണിയറ സംസാരം.
നേരത്തെ ഒരുതവണ അപേക്ഷ നൽകിയിരുന്നെങ്കിലും നിരസിച്ചതിനെതുടർന്ന് വീണ്ടും അപേക്ഷ നൽകുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പേരെടുത്ത ഉദ്യേഗസ്ഥന്റെ മടക്കം ഏറെ ചർച്ചയായിട്ടുണ്ട്. സബ് ഇൻസ്പെക്ടറുടെ തിരിച്ചുപോക്ക് സേനയിലും ചർച്ചയായി.
സ്റ്റേഷൻ ചുമതല സി.ഐയിലേക്ക് മാറിയതോടെ സബ് ഇൻസ്പെക്ടർമാർ പലവിധത്തിലുള്ള സമ്മർദങ്ങൾക്കും കീഴ്പ്പെടേണ്ടി വരുന്നതായി നേരത്തെ ആക്ഷേപമുണ്ടായിരുന്നു. തികച്ചും വ്യക്തിപരമാണ് മടക്കമെന്നാണ് കിരണിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.