ദേശീയപാതയിലെ സർവിസ് റോഡിൽ കയറാൻ പണം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണം -താലൂക്ക് വികസന സമിതി
text_fieldsവടകര: ദേശീയപാതയിൽ സർവിസ് റോഡിലേക്ക് കയറാൻ സ്ഥലമുടമകളും, വീട്ടുകാരും, വ്യാപാര സ്ഥാപനങ്ങളും പണം നൽകണമെന്ന ദേശീയപാത അതോറിറ്റി നർദേശം പിൻവലിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന നടപടി ഏറെ പ്രയാസം നേരിടുമെന്ന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ യോഗത്തിൽ ഉന്നയിച്ചു.
ഈ തീരുമാനം ദേശീയപാതയുടെ സമീപം താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വടകര നഗരത്തിൽ വ്യാപകമായി മോഷണം നടക്കുന്നതിനാൽ സി.സി ടി.വി സൗകര്യം വേണമെന്ന് സമിതി അംഗം പി.പി. രാജൻ ആവശ്യപ്പെട്ടു. സി.സി ടി.വി നിരീക്ഷണം നഗരത്തിൽ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പുഞ്ചിരി മിൽ, വീരഞ്ചേരി, ജെ.ടി. റോഡ് വഴി സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകൾ ഈ വഴിയിലൂടെ പഴയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന ആവശ്യം ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു.
വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ കൈയേറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് സമിതി അംഗം പി. സുരേഷ് ബാബു ആവശ്യപ്പെട്ടു. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി തഹസിൽദാർ കല ഭാസ്കർ പറഞ്ഞു.
കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. വടകര നഗരസഭ വൈസ് ചെയർമാൻ പി. സജിത്ത് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ചന്ദ്രശേഖരൻ (ചോറോട്), ആയിഷ ഉമ്മർ (അഴിയൂർ) സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി.പി. രാജൻ, പുറന്തോടത്ത് സുകുമാരൻ, ടി.വി. ഗംഗാധരൻ, ബാബു പറമ്പത്ത്, ബാബു ഒഞ്ചിയം, പി. സുരേഷ് ബാബു, എൻ.കെ. സജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.