വ്യാപാരിയുടെ കൊലപാതകം: പ്രതി റിമാൻഡിൽ
text_fieldsവടകര: നഗരത്തിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പലചരക്ക് വ്യാപാരി വലിയ പറമ്പത്ത് രാജനെ കടക്കുള്ളിൽ കൊലപ്പെടുത്തിയ പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീക്കിനെ (22) വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഈ മാസം 17വരെയാണ് റിമാൻഡ് ചെയ്തത്.
പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ജെ.എസ്. രാജേഷ്ബാബുവിന്റെ വാദം പരിഗണിച്ച് പ്രതിക്ക് ആവശ്യമായ വൈദ്യപരിശോധന നൽകാൻ കോടതി വടകര സബ് ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി. കൊലക്ക് ശേഷം പ്രതി സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ട് ഇടതുകൈക്ക് പൊട്ടലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയോട് സംസാരിക്കാൻ പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതിനൽകി.
കൈക്ക് വേദനയുള്ളകാര്യം പ്രതിയും അഭിഭാഷകനും കോടതിയെ ധരിപ്പിച്ചതിനെ തുടർന്നാണ് വൈദ്യപരിശോധന നൽകാൻ ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടത്.
പ്രതിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രതിയെ വിശദമായി ചോദ്യംചെയ്യാനും തൊണ്ടിമുതലുകൾ കണ്ടെടുക്കാനും തെളിവെടുപ്പിനുമായാണ് കോടതി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നാലു ദിവസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.