വ്യാപാരിയുടെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു
text_fieldsവടകര: നഗരത്തിൽ കൊലചെയ്യപ്പെട്ട വ്യാപാരി ഇ.എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയപറമ്പത്ത് രാജന്റെ കൊലപാതകത്തിൽ വടകര പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര സി.ഐ പി.എം. മനോജാണ് വ്യാഴാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ 98 സാക്ഷികളും 17ഓളം തൊണ്ടി മുതലുകളുമുണ്ട്. കൊല നടത്തിയശേഷം രാജന്റെ ബൈക്കുമായി രക്ഷപ്പെട്ട പ്രതി തൃശൂരിൽവെച്ച് നമ്പർേപ്ലറ്റ് വ്യാജമായി നിർമിച്ച് വാഹനം ഉപയോഗിച്ചിരുന്നു. ഒറിജിനലും വ്യാജ നമ്പർേപ്ലറ്റുകളും കോടതിയിൽ ഹാജരാക്കി. 600 പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിട്ടില്ല. സാക്ഷിവിസ്താരം ആരംഭിക്കുന്നതിനു മുമ്പ് ഫോറൻസിക് റിപ്പോർട്ട് ലഭിക്കും.
രാജന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽവെച്ച് കൊലപ്പെടുത്തി പണവും മൊബൈൽ ഫോണും രാജൻ കഴുത്തിൽ അണിഞ്ഞ സ്വർണാഭരണവും പഞ്ചരത്ന മോതിരവും പ്രതി കവർന്നിരുന്നു. സമീപത്തെ കടയിൽനിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കൊലപാതകശേഷം മുങ്ങിയ പ്രതി തൃശൂർ വാടാനപ്പള്ളി സ്വദേശി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ.എസ്. മുഹമ്മദ് ഷെഫീഖിനെ (22) തൃശൂരിലെ ലോഡ്ജിൽനിന്നാണ് പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.