അധികൃതർ ഉണർന്നു; സിഗ്നലുകൾ തെളിയുന്നില്ല
text_fieldsവടകര: തിരക്കേറിയ ദേശീയ പാതയിൽ മിഴിപൂട്ടിയ സിഗ്നൽ ലൈറ്റുകൾ നന്നാക്കാൻ അധികൃതർ ഉണർന്നിട്ടും തെളിയുന്നില്ല. കൈനാട്ടിയിലെയും പെരുവാട്ടും താഴെ ജങ്ഷനിലുമുള്ള സിഗ്നൽ ലൈറ്റുകളാണ് ഫയർഫോഴ്സിന്റെ സഹായത്തോടെ ട്രാഫിക് പൊലീസ് വെള്ളം ചീറ്റി തെളിയ്ക്കാൻ ശ്രമിച്ചത്. പൊടി മൂടിയ സോളാർ സിഗ്നൽ ലൈറ്റുകൾ ഫയർഫോഴ്സ് വെള്ളം ചീറ്റി വൃത്തിയാക്കിയതോടെ കൈനാട്ടിയിലേത് കത്തിയെങ്കിലും വൈകീട്ടോടെ നിലച്ചു.
പെരുംവാട്ടുംതാഴെ സിഗ്നൽ ലൈറ്റ് വെള്ളം ചീറ്റി കഴുകിയെങ്കിലും കത്തിയില്ല. ഇതിന്റെ ബോർഡ് പ്രവർത്തനരഹിതമായിരുന്നു. ഇത് മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
അടക്കാത്തെരു ജങ്ഷൻ, പുതിയ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലെ സിഗ്നൽ ലൈറ്റുകളും ഫയർഫോഴ്സ് വൃത്തിയാക്കി. മാസത്തിലധികമായി പെരുവാട്ടും താഴെ, കൈനാട്ടി സിഗ്നലുകൾ കത്താതായിട്ട്. അടക്കാത്തെരു സിഗ്നൽ പ്രഭാതത്തിൽ മിഴിതുറക്കാറില്ല.
പലപ്പോഴും ഇവിടങ്ങളിൽ നിന്നും വാഹനങ്ങൾ അപകടത്തിൽപെടാതെ ഒഴിഞ്ഞുപോകുന്നത് തലനാരിഴക്കാണ്. സിഗ്നൽ ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നെങ്കിലും പരിഹാരം ഉണ്ടായില്ല. ദേശീയപാത വികസനം നടക്കുന്നതിനാൽ വലിയ തുക ചെലവഴിച്ച് ലൈറ്റുകൾ അധികൃതർ നന്നാക്കാൻ തയാറാവാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.