ട്രാഫിക് നിയമലംഘനം; അഴിയാക്കുരുക്കിലായി വടകര
text_fieldsവടകര: ട്രാഫിക് സംവിധാനത്തിലെ വീഴ്ചയും വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും മൂലം നഗരം അഴിയാക്കുരുക്കിൽ. നഗരം പലപ്പോഴും ഗതാഗതക്കുരുക്കിലകപ്പെട്ട് നിശ്ചലമാവുകയാണ്. പ്രധാന പാതയായ പഴയ ബസ് സ്റ്റാൻഡ് വഴിയുള്ള യാത്ര വൈകുന്നേരങ്ങളിൽ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
റോഡിനിരുവശത്തുമുള്ള അനധികൃത പാർക്കിങ്ങിനൊപ്പം ലിങ്ക് റോഡ് വഴിവരുന്ന വാഹനങ്ങൾ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നതും പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള റോഡുകൾ ഗതാഗതക്കുരുക്കിലമരുന്നതിന് കാരണമാകുന്നു.
സ്വകാര്യ ബസുകൾ ഗതാഗതക്കുരുക്കിൽപെടുന്നതിനാൽ സമയക്രമം പാലിക്കാൻ പറ്റാതെ ട്രിപ്പുകൾ കട്ട് ചെയ്യുന്നത് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്. ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ദേശീയപാതയും നിശ്ചലമാകുന്ന സ്ഥിതിയാണുള്ളത്.
പുതിയ സ്റ്റാന്‍ഡ്, നാരായണനഗരം ജങ്ഷന്, ലിങ്ക് റോഡ് ജങ്ഷന്, അടക്കാത്തെരു ജങ്ഷന്, മാര്‍ക്കറ്റ് റോഡ്, അഞ്ചുവിളക്ക് ജങ്ഷന്, പഴയ സ്റ്റാന്‍ഡ് പരിസരം, എടോടി, റെയില്‍വേ സ്റ്റേഷന്, കൈനാട്ടി തുടങ്ങിയവയാണ് പ്രധാനമായും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കേന്ദ്രങ്ങൾ.
വടകര ബൈപാസ്, മാര്‍ക്കറ്റ് റോഡ്, അഞ്ചുവിളക്ക് ജങ്ഷന് എന്നിവിടങ്ങളിലെ തിരക്ക് അഴിയാക്കുരുക്കാണ്. എന്നാൽ, ഇവിടങ്ങളിൽ ആവശ്യത്തിന് ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാകാത്തത് കരുക്ക് രൂക്ഷമാവാനിടയാവുന്നുണ്ട്.
പരീക്ഷണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാൻഡിൽനിന്ന് സർവിസ് നടത്തിയിരുന്ന ചില ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയ നടപടിയും ഗതാഗതക്കുരുക്ക് വർധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. വെയിലത്തും മഴയത്തും യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ ഇവിടെ സ്ഥലമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.