ട്രെയിൻ യാത്രാപ്രശ്നം; എം.എൽ.എ അധികൃതരുമായി ചർച്ച നടത്തി
text_fieldsവടകര: വടകരയിലെ ട്രെയിൻ യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എ പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജറുമായി ചർച്ച നടത്തി. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ വടകര താലൂക്കിലെ വിദ്യാർഥികളടക്കമുള്ള ഭൂരിഭാഗം ജനങ്ങളും ട്രെയിൻ ഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. യാത്രികരുടെ എണ്ണത്തിനനുസൃതമായ സേവനം വടകരയിൽ ലഭ്യമല്ല.
കോഴിക്കോടുനിന്ന് വടകര ഭാഗത്തേക്ക് വൈകീട്ട് വരുന്ന പരശുറാം എക്സ്പ്രസിൽ യാത്രികരെ ഉൾക്കൊള്ളാൻ കഴിയാത്തവിധം തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്കിൽ വിദ്യാർഥികൾ കുഴഞ്ഞുവീണതുൾപ്പെടെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. പരശുറാം എക്സ്പ്രസിൽ കൂടുതൽ ജനറല്‍ കോച്ചുകള്‍ അനുവദിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. 22 ബോഗികൾ ഇപ്പോൾ പരശുറാം എക്സ്പ്രസിലുണ്ടെന്നും ട്രെയിനിന്റെ അവസാന സ്റ്റേഷനായ നാഗർകോവിലിൽ രണ്ടു മാസത്തിനകം പ്ലാറ്റ്ഫോം നീട്ടി നിർമിക്കുന്നതിന്റെ പ്രവൃത്തി പൂർത്തിയാകുമെന്നും തുടർന്ന് മാർച്ചോടെ അഡീഷനൽ ബോഗികൾ അനുവദിക്കാമെന്ന് ഉറപ്പുലഭിച്ചതായും എം.എൽ.എ പറഞ്ഞു.
കോവിഡ് മാനദണ്ഡത്തിന്റെ ഭാഗമായി ലോക്കൽ സ്റ്റേഷനുകളായ മുക്കാളി, നാദാപുരം റോഡ് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ നിര്‍ത്തലാക്കിയിരുന്നു. രാവിലെ കണ്ണൂരിൽനിന്ന് ഷൊർണൂരിലേക്കു പോകുന്ന മെമു ട്രെയിനിന് ഈ രണ്ടു സ്റ്റോപ്പുകളും പുനഃസ്ഥാപിച്ചുനൽകണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എം.എൽ.എ പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്ക്കുണ്ടായിരുന്ന യാത്രാ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, മലബാര്‍ മേഖലയില്‍ കൂടുതല്‍ ഹ്രസ്വദൂര ട്രെയിനുകള്‍ അനുവദിക്കുക, യാത്രാനിരക്കുകള്‍ കുറക്കുക, സർവിസുകളിൽ കൃത്യനിഷ്ഠയും വിശ്വാസ്യതയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അധികൃതർക്കു മുന്നില്‍ അവതരിപ്പിച്ചു.
വടകര താഴയങ്ങാടിയിലെ ജനങ്ങൾ ഉപയോഗിക്കുന്ന ഒന്തം റോഡിലെ റെയിൽവേ ലൈൻ മുറിച്ചുകടക്കുന്ന പാത അടച്ചിടുന്നതിൽ ജനങ്ങളുടെ പ്രതിഷേധം ഡിവിഷൻ മാനേജറെ നേരിട്ട് അറിയിച്ചു.ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യം അധികൃതരുമായി ചർച്ചചെയ്തതായും എം.എൽ.എ പറഞ്ഞു.
ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രിക്കും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും നിവേദനങ്ങൾ അയക്കുകയും റെയിൽവേ ഡിവിഷൻ മാനേജര്‍ക്ക് നേരിട്ട് സമർപ്പിക്കുകയും ചെയ്തതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.