കോവിഡിൽ നിർത്തിയ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല; നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ അവഗണനയിൽ
text_fieldsവികസനം നിലച്ച നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ
വടകര: കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തതുമൂലം നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ അവഗണനയിൽ തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് ഈ റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത്.
നാടെങ്ങും റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമ്പോഴാണ് നാദാപുരം റെയിൽവേ സ്റ്റേഷനെ അവഗണിക്കുന്നത്. മടപ്പള്ളി ഗവ. കോളജ്, രണ്ട് ഹയർ സെക്കൻഡറി സ്കൂളുകൾ, ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളും പ്രധാനപ്പെട്ട ആരാധനാലയങ്ങളും നാദാപുരം റോഡ്, മടപ്പള്ളി പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിന് ദീർഘദൂര യാത്രക്കാർ സ്ഥിരമായി വന്നുപോകുന്ന പ്രദേശമാണിത്. വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകൾ കോവിഡിൽ നിർത്തലാക്കിയതോടെ യാത്രക്കാർ ദുരിതത്തിലാണ്. രാവിലെ കണ്ണൂരിൽനിന്ന് കോയമ്പത്തൂരിലേക്കും തിരിച്ച് കണ്ണൂരിലേക്കും സർവിസ് നടത്തിയിരുന്ന ട്രെയിനിന് ബ്രിട്ടീഷ് ഭരണകാലത്തേ നാദാപുരം റോഡിൽ സ്റ്റോപ്പുണ്ടായിരുന്നു.
ദീർഘദൂര യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ ട്രെയിൻ. കോവിഡിന് മുമ്പ് 10 ട്രെയിനുകൾവരെ നിർത്തിയിരുന്ന നാദാപുരം റോഡ് സ്റ്റേഷനിൽ നിലവിൽ രണ്ട് ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്.
നാദാപുരം ഭാഗത്തുനിന്നും കിഴക്കൻ മലയോര പ്രദേശങ്ങളിൽനിന്നും ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് വരുമാനത്തിലും ഏറെ മുന്നിലുള്ള സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാത്ത റെയിൽവേയുടെ നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.