യു.എൽ.സി.സി.എസ് കോർപറേറ്റ് വികസന രീതിക്കുള്ള ജനപക്ഷ ബദൽ -മുഖ്യമന്ത്രി
text_fieldsവടകര: മൂലധന കേന്ദ്രീകരണത്തിനും അസമത്വത്തിനും ചൂഷണത്തിനും വഴിവെക്കുന്ന കോർപറേറ്റ് വികസന രീതിക്കുള്ള മികച്ച ജനപക്ഷ ബദലാണ് യു.എൽ.സി.സി.എസ് (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി) ലോകത്തിന് മുന്നിൽ കാഴ്ചവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എൽ.സി.സി.എസ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ജനകീയ പ്രസ്ഥാനം വമ്പൻ കോർപറേറ്റുകളോട് മത്സരിച്ച് അതിജീവിച്ച് അതിബൃഹത്തായ പദ്ധതികൾ ഏറ്റെടുക്കുന്നതിൽ അസഹിഷ്ണുതയുള്ള കൊലകൊമ്പൻമാരുണ്ട്. അവരുടെ സാമ്പത്തിക താൽപര്യങ്ങൾ അനുവദിച്ച് കൊടുക്കാൻ ഇത്തരം ജനകീയ സംരംഭങ്ങളെ തകർക്കാൻ ശ്രമം നടക്കാറുണ്ട്.
അത്തരം ശ്രമങ്ങൾക്ക് മുന്നിൽ മനസ്സുകൊണ്ട് പോലും ക്ഷീണിക്കേണ്ടതില്ല. വാഗ്ഭടാനന്ദ ഗുരു മുന്നോട്ടുവെച്ച മൂല്യബോധത്തിൽ മുന്നോട്ടുപോകാൻ കഴിഞ്ഞതാണ് ഊരാളുങ്കലിന്റെ വിജയത്തിന് ആധാരം. ഗുണമേന്മയും അഴിമതി രഹിതവും അച്ചടക്കവും മുഖമുദ്രയാക്കിയതാണ് നേട്ടത്തിന് കാരണം. നിർമാണ പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ, സർക്കാറിതര സ്ഥാപനങ്ങൾക്ക് ടെൻഡറില്ലാതെ പ്രവൃത്തി നൽകുന്നുണ്ട്. 2015ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഉണ്ടാക്കിയ തീരുമാനം ഉചിത നടപടിയാണ്. പട്ടിക വിപുലപ്പെടുത്തി മുന്നോട്ടു പോകുന്നതിൽ തെറ്റില്ല. കേരളത്തിനും ഇന്ത്യക്കും മാതൃകയായി ഊരാളുങ്കലിനെ വളർത്തിയെടുക്കാൻ നേതൃസ്ഥാനത്തിരുന്നവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കഥാകൃത്തുകളായ എം. മുകുന്ദൻ, ടി. പത്മനാഭൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, എം.എൽ.എമാരായ കെ.കെ. രമ, ഇ.കെ. വിജയൻ, എം.കെ. മുനീർ, ചീഫ് സെക്രട്ടറി വി. വേണു തുടങ്ങിയവർ സംസാരിച്ചു. യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.