അടിപ്പാത നിർമാണം; പൂവാടൻ ഗേറ്റ് പൂട്ടിയിട്ട് നാലുവർഷം
text_fieldsവടകര: അടിപ്പാത നിർമാണത്തിന്റെ ഭാഗമായി റെയിൽവേ പൂവാടൻ ഗേറ്റ് പൂട്ടിയിട്ട് നാലു വർഷമായിട്ടും അടിപ്പാത തുറക്കാൻ നടപടികളില്ലാതെ ജനം ദുരിതത്തിൽ. അടിപ്പാത നിർമാണത്തിന്റെ മെല്ലെപ്പോക്കിനെതിരെ നിരവധി സമര മുഖങ്ങൾ തുറക്കപ്പെട്ടിരുന്നു. സമരത്തിന്റെ ഭാഗമായി തുടങ്ങിയ പ്രവൃത്തി അടിപ്പാത നിർമാണത്തിന്റെ അവസാന ഘട്ടത്തിലെത്തിയെങ്കിലും നിലക്കുകയുണ്ടായി. അടിപ്പാതയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കി മേൽക്കൂര നിർമാണം പൂർത്തീകരിച്ചാൽ പാത ഗതാഗത യോഗ്യമാക്കാൻ കഴിയും.
എന്നാൽ, കരാറുകാരൻ പലവിധ ന്യായങ്ങൾ പറഞ്ഞ് നിർമാണ പ്രവൃത്തി നീട്ടിക്കൊണ്ടുപോവുകയാണ്. ജനപ്രതിനിധികൾ ഉൾപ്പെടെ കരാറുകാരനുമായും റെയിൽവേ അധികൃതരുമായും ചർച്ചകൾ നടത്തിയെങ്കിലും അടിപ്പാത നിർമാണം പൂർത്തീകരിക്കാൻ നടപടികളുണ്ടായില്ല.
ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് വാഗ്ദാനം നൽകിയാണ് പൂവാടൻ ഗേറ്റിൽ പ്രവൃത്തി തുടങ്ങിയത്. നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. പാത അടഞ്ഞുകിടക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളെയാണ് ചുറ്റിക്കുന്നത്. വടകര നഗരത്തിലെ ആശുപത്രികൾ, വിദ്യാലയങ്ങൾ, വിവിധ ഓഫിസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെത്തിച്ചേരാൻ കിലോമീറ്ററുകൾ ദിനംപ്രതി യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ.
യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ പൂവാടൻ ഗേറ്റ് പ്രവൃത്തി പൂർത്തീകരിച്ച് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകി. ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി, കെ.പി. നജീബ്, രഞ്ജിത്ത് കണ്ണോത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.